മാവേലിക്കരയിൽ മണ്ണെടുപ്പിനെതിരായ സമരം.. സ്ത്രീകളെ ഉള്‍പ്പെടെ റോഡില്‍ വലിച്ചിഴച്ച് പൊലീസ്…


മാവേലിക്കര: നൂറനാട് മറ്റപ്പള്ളിയിൽ മണ്ണെടുപ്പിനെതിരെ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച നൂറുകണക്കിനാളുകളെ പൊലീസ് ബലമായി അറസ്റ്റ് ചെയ്ത് നീക്കിയ നടപടിക്കെതിരെ വ്യാപക പ്രതിഷേധം. സമാധനപരമായി സമരം നടത്തുന്നവര്‍ക്കു നെരെ പൊലീസ് സ്വീകരിച്ച നടപടിയില്‍ ഭരണകക്ഷി എം.എല്‍.എ ഉള്‍പ്പെടെയുള്ളവര്‍ വിമര്‍ശനവുമായി രംഗത്തെത്തി. സമരക്കാരെ പൊലീസ് ഉപദ്രവിച്ചുവെന്നും പല സ്ത്രീകളുടെയും ബ്ലൗസും ചുരിദാറും നൈറ്റിയും ഉള്‍പ്പെടെ കീറിയെന്നും പഞ്ചായത്ത് മെമ്പറെ ഉള്‍പ്പെടെ പൊലീസ് മര്‍ദ്ദിച്ചുവെന്നും സമരത്തില്‍ പങ്കെടുത്തവർ ആരോപിച്ചു.
മലയിടിച്ചാല്‍ നാട് തന്നെ നശിച്ചുപോകുമെന്നും മണ്ണെടുപ്പിനെതിരായ പ്രതിഷേധ സമരങ്ങള്‍ തുടരുമെന്നും നാട്ടുകാര്‍ പറഞ്ഞു. മണ്ണെടുപ്പിനെതിരെ ജില്ലാ കളക്ടര്‍ക്കും മുഖ്യമന്ത്രിക്ക് ഉള്‍പ്പെടെ പരാതി നല്‍കിയെങ്കിലും ദേശീയപാത വികസനത്തിന്‍റെ ഭാഗമാണെന്ന് പറഞ്ഞ് തടയാനാകില്ലെന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നതെന്നും നാട്ടുകാര്‍ പറയുന്നു. 120 ഏക്കറിലായാണ് പ്രദേശത്ത് മണ്ണെടുക്കുന്നത്. മലയിടിച്ചുള്ള മണ്ണെടുപ്പില്‍ പാരിസ്ഥിതിക പ്രശ്നമുണ്ടാകും. പരിസ്ഥിതി ദുര്‍ബല പ്രദേശമാണെന്ന റിപ്പോര്‍ട്ട് നിലനില്‍ക്കെയാണ് മണ്ണെടുപ്പ്. മണ്ണ് മാഫിയക്ക് പൊലീസ് ഒത്താശ ചെയ്യുന്നതും ശരിയല്ല. പഞ്ചായത്ത് അധികാരികള്‍ കോടതിയെ വിഷയം ധരിപ്പിച്ചിട്ട് വിധി പറയാന്‍ മാറ്റിവെച്ചിരിക്കെയാണ് പൊലീസ് നടപടിയെന്നും എം.എല്‍എ അരുണ്‍കുമാര്‍ പറഞ്ഞു.നിലവില്‍ സ്ഥലത്തെ പൊലീസ് നടപടി അവസാനിച്ചു. ഉച്ചയോടെയാണ് നടപടി അവസാനിച്ചത്. അതേസമയം, ഹൈക്കോടതി ഉത്തരവ് പാലിക്കുക മാത്രമാണ് ചെയ്തെന്നും ഒരു മണിക്കൂറിലധികം റോഡില്‍ മാര്‍ഗതടസമുണ്ടാക്കി സമരം ചെയ്തപ്പോഴാണ് അറസ്റ്റ് ചെയ്തു നീക്കിയതെന്നുമാണ് പൊലീസ് പറയുന്നത്.
Previous Post Next Post