എന്തൊരു ഗതികേട് ! പ്രവർത്തകരെ തേടി ലിങ്ക്ഡ് ഇൻ ആപ്പിൽ പരസ്യം നൽകി ബംഗാൾ സിപിഎം ,


കൊൽക്കത്ത:പാർട്ടിക്കുവേണ്ടി പ്രതിഫലേച്ഛയില്ലാതെ വിവിധ മേഖലകളിൽ പ്രവർത്തിക്കാൻ സന്നദ്ധരായവരിൽനിന്ന് അപേക്ഷ ക്ഷണിച്ച് പരസ്യം നൽകി സി.പി.എം. പശ്ചിമബംഗാൾ ഘടകം. കമ്പനികൾ ഉദ്യോഗാർഥികളെ തേടുന്ന ലിങ്ക്ഡ് ഇൻ ആപ്പിലാണ് കോർപ്പറേറ്റ് ശൈലിയിൽ പരസ്യം നൽകിയിരിക്കുന്നത്.


ഡിജിറ്റൽ പ്രചാരവേല, സാമ്പത്തിക മേൽനോട്ടം, ഓഫീസ് നടത്തിപ്പ്, നാട്ടിലിറങ്ങിയുള്ള വിവരശേഖരണം തുടങ്ങിയ മേഖലകളിൽ വൈദഗ്ധ്യം ഉള്ളവരെയാണ് പാർട്ടി തേടുന്നത്. ഗ്രാഫിക് ഡിസൈനർമാരെയും ക്ഷണിച്ചിട്ടുണ്ട്. ഇടതുപക്ഷ രാഷ്ട്രീയത്തോട് താത്പര്യവും സമർപ്പിത സേവനത്തിനുള്ള മനഃസ്ഥിതിയും ഉള്ളവരായിരിക്കണം അപേക്ഷകർ. ഇത് ഒരു ജോലിയായി കണക്കാക്കരുതെന്നും ഓർമിപ്പിക്കുന്നുണ്ട്.

ഈയിടെ നടന്ന പാർട്ടിയുടെ സംസ്ഥാന ‘മിനി പ്ളീന’ത്തിൽ ഡിജിറ്റൽ പ്രചാരണം ശക്തമാക്കുന്നതിനെപ്പറ്റി കൂടിയാലോചനകൾ നടന്നിരുന്നു. പാർട്ടി ഓഫീസുകളിൽ ഇതിന്റെ ചുമതലയുള്ളവരുടെ പ്രവർത്തനം മികച്ചതാണെന്ന വിലയിരുത്തലുമുണ്ടായി. കൂടുതൽ പേരെ ഉൾപ്പെടുത്തി ഒരു ഡിജിറ്റൽ ടീമിനെ സജ്ജമാക്കണമെന്ന നിർദേശവും വന്നു. ഈ സാഹചര്യത്തിലാണ് ലിങ്ക്ഡ് ഇന്നിൽ അക്കൗണ്ട് തുറന്ന് പരസ്യം നൽകിയത്.


പാർട്ടിക്ക് പ്രവർത്തകർ ഇല്ലായെന്ന യാഥാർഥ്യമാണ് പരസ്യം വെളിവാക്കുന്നതെന്ന് തൃണമൂൽ കേന്ദ്രങ്ങൾ പരിഹസിച്ചു. പ്രവർത്തകർതന്നെയാണ് തങ്ങളുടെ എല്ലാ ജോലികളും ചെയ്യുന്നതെന്നും വാടകയ്ക്കെടുക്കേണ്ട ഗതികേടില്ലെന്നും ബി.ജെ.പി. നേതാക്കളും പ്രതികരിച്ചു.
Previous Post Next Post