കുറച്ച് ദിവസങ്ങളായി ലണ്ടന്‍ തെരുവുകളെ കലുഷിതമാക്കിയിരുന്ന, ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനകിനെ സമ്മര്‍ദത്തിലാക്കിയിരുന്ന ഒരു വലിയ പ്രശ്‌നം ഇന്ന് ക്ലൈമാക്‌സിലേക്ക് എത്തിയിരിക്കുകയാണ്. വിവാദത്തിനൊടുവില്‍ ബ്രിട്ടണിലെ ആഭ്യന്തരമന്ത്രി സുവല്ലെ ബ്രേവര്‍മാനെ റിഷി സുനക് മന്ത്രിസഭയില്‍ നിന്ന് പുറത്താക്കി. പലസ്തീന്‍ അനുകൂല മാര്‍ച്ചിനെതിരായ പൊലീസ് നടപടിയെക്കുറിച്ചുള്ള അഭിപ്രായത്തില്‍ പുലിവാലുപിടിച്ച ആഭ്യന്തരമന്ത്രിയെ നീക്കാന്‍ പ്രതിപക്ഷത്തുനിന്ന് മാത്രമല്ല സ്വന്തം പാര്‍ട്ടിയ്ക്കുള്ളില്‍ നിന്ന് തന്നെ സുനക് ദിവസങ്ങളായി വലിയ സമ്മര്‍ദം നേരിട്ടിരുന്നു. ഇന്ത്യന്‍ വംശജ കൂടിയായ ബ്രേവര്‍മാനെ പുറത്താക്കുന്നതിലേക്ക് നയിച്ച സംഭവവികാസങ്ങളും സുനകിന്റെ മന്ത്രിസഭാ പുനസംഘടനയുടെ കാരണങ്ങളും വിശദമായി പരിശോധിക്കാം.
ബ്രിട്ടണില്‍ നടന്ന ചില പലസ്തീന്‍ അനുകൂല റാലികള്‍ക്ക് നേരെയുള്ള പൊലീസ് നയങ്ങളില്‍ ഇരട്ടത്താപ്പുണ്ടെന്നുള്‍പ്പെടെ ആയിരുന്നു ബ്രേവര്‍മാന്റെ വിവാദ പ്രതികരണം. വലതുപക്ഷ, ദേശീയ പ്രക്ഷോഭങ്ങളെ കാര്‍ക്കശ്യത്തോടെ നേരിടുന്ന പൊലീസ്, പലസ്തീന്‍ അനുകൂല റാലിക്കാര്‍ക്ക് നേരെ മൃദുസമീപനം സ്വീകരിക്കുന്നുവെന്നായിരുന്നു ബ്രേവര്‍മാന്റെ വിമര്‍ശനം. പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയുടെ സംഘാടകരില്‍ ചിലര്‍ക്ക് ഹമാസ് ഉള്‍പ്പെടെയുള്ള തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്നും ഇവര്‍ ആരോപിച്ചിരുന്നു. പലസ്തീന്‍ ഐക്യദാര്‍ഢ്യ പ്രക്ഷോഭകരെ വിദ്വേഷ പ്രതിഷേധകരെന്നാണ് ബ്രേവര്‍മാന്‍ അഭിസംബോധന ചെയ്തത്.
നവംബര്‍ 8ന് ദി ടൈംസില്‍ എഴുതിയ ലേഖനത്തിലായിരുന്നു മന്ത്രിയുടെ വിവാദ പരാമര്‍ശങ്ങള്‍. നവംബര്‍ 11ന് മുപ്പതിനായിരത്തിലധികം പേര്‍ പങ്കെടുത്ത പലസ്തീന്‍ അനുകൂല പ്രക്ഷോഭത്തില്‍ വലിയ സംഘര്‍ഷമാണുണ്ടായത്. പലസ്തീന്‍ അനുകൂല പ്രതിഷേധക്കാരും വിരുദ്ധ നിലപാടുള്ള തീവ്രവലതുപക്ഷ പ്രതിഷേധക്കാരും തമ്മില്‍ 11ന് സംഘര്‍ഷമുണ്ടായി. 140ല്‍ അധികം പേരാണ് അന്നേദിവസം പൊലീസിന്റെ പിടിയിലായത്. ബ്രേവര്‍മാന്റെ വിവാദ പരാമര്‍ശമാണ് സംഘര്‍ഷത്തിന് കാരണമായതെന്ന് പ്രതിപക്ഷം രൂക്ഷവിമര്‍ശനമുയര്‍ത്തി. ആഭ്യന്തരമന്ത്രിയെ പുറത്താക്കുന്നതാണ് പ്രധാനമന്ത്രി റിഷി സുനകിനും നല്ലതെന്ന് ഭരണപക്ഷത്തുനിന്നും പ്രതികരണമുണ്ടായി. സമ്മര്‍ദമേറിയതോടെ മന്ത്രിയെ നീക്കാന്‍ സുനക് നിര്‍ബന്ധിതനാകുകയായിരുന്നു.