കൊച്ചി : കളമശേരി സ്ഫോടനക്കേസിൽ പ്രതി ഡൊമിനിക് മാർട്ടിന്റെ സമൂഹ മാധ്യമ അക്കൗണ്ടുകൾ വിശദമായി പരിശോധിച്ച അന്വേഷണ സംഘം പ്രതിയുടെ ഫോൺ ഫൊറൻസിക് പരിശോധനയ്ക്ക് അയച്ചു.
പ്രതി ആരോടെല്ലാം ഫോണിലൂടെ ബന്ധം പുലർത്തിയെന്നു പരിശോധിക്കും. ഏതാനും വർഷത്തെ വാട്സാപ് ചാറ്റുകൾ, സമൂഹ മാധ്യമ ഇടപെടലുകൾ എന്നിവയുടെയും ബാക്ക് അപ് പരിശോധിക്കുന്നുണ്ട്.
സ്ഫോടനം നടത്താൻ മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിരുന്നു എന്ന വിവരം പൊലീസിനു ലഭിച്ചിട്ടില്ല. പ്രതിയുടെ സ്വഭാവ സവിശേഷതകളാണു കേസിനെ സങ്കീർണമാക്കുന്നത്. ഡൊമിനിക്കിനു മാനസിക, ശാരീരിക പ്രശ്നങ്ങളില്ലെന്നാണു മെഡിക്കൽ റിപ്പോർട്ട്. പ്രതിയുടെ മനോനില മനഃശാസ്ത്രജ്ഞരുടെ സഹായത്തോടെ
അവലോകനം ചെയ്യാനുള്ള തയാറെടുപ്പിലാണു പൊലീസ്. വീണ്ടും കസ്റ്റഡിയിൽ വാങ്ങുമ്പോൾ ഇത്തരം കാര്യങ്ങൾക്കു കൂടി സൗകര്യം ഏർപ്പെടുത്തിയുള്ള ചോദ്യം ചെയ്യൽ രീതിയാകും പരീക്ഷിക്കുക.