കൊച്ചി: കാമുകിക്ക് ഒപ്പം യുകെയിലേക്ക് മുങ്ങിയ ശേഷം ഭാര്യക്കും മകള്‍ക്കുമെതിരെ സമൂഹ മാധ്യമങ്ങളിലൂടെ പോലീസുകാരന്റെ ലൈംഗിക അധിക്ഷേപം. ഭാര്യയുടെ പരാതിയില്‍ സിപിഒക്ക് എതിരെ എറണാകുളം നോര്‍ത്ത് പോലീസ് പോക്സോ വകുപ്പുകള്‍ ചുമത്തി കേസെടുത്തു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ഇയാള്‍ ഡ്യൂട്ടിയില്‍ നിന്നും ഒരു വര്‍ഷമായി വിട്ട് നില്‍ക്കുകയായിരുന്നുവെന്നും യുകെയിലാണെന്നും വ്യക്തമാകുന്നത്.
ക്രിമിനല്‍ കേസില്‍ പ്രതിയായിരുന്ന പോലീസുകാരന്റെ മുന്‍കൂര്‍ അനുമതിയില്ലാത്ത വിദേശയാത്രയെക്കുറിച്ച് കൊച്ചി റൂറല്‍ പോലീസും അന്വേഷണം നടത്തുന്നുണ്ട്. എങ്ങനെ ഉദ്യോഗസ്ഥന് വിദേശത്തെത്തിയെന്നും ആരൊക്കെയാണ് സഹായിച്ചതെന്നുമൊക്കെയുള്ള കാര്യങ്ങളാണ് അന്വേഷിക്കുന്നത്. പോലീസുകാരനെ തിരികെ എത്തിക്കാനുള്ള നീക്കങ്ങളിലാണ് പോലീസ് ഇപ്പോള്‍.
കൊച്ചി കുറുപ്പംപടി പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ ദീപു ജോര്‍ജിനെതിരെയാണ് അന്വേഷണം നടക്കുന്നത്. തിരുവനന്തപുരം സ്വദേശിയായ കാമുകിയാണ് ദീപുവിനൊപ്പമുള്ളത്. യുകെയിലെത്തിയപ്പോള്‍ ഭാര്യക്കും ഒമ്പതും ആറും വയസ്സുള്ള മക്കള്‍ക്കുമെതിരെ വ്യാജ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ ഇയാള്‍ ലൈംഗിക അധിക്ഷേപം നടത്തുകയായിരുന്നു. സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കുമൊക്കെ സന്ദേശം ലഭിക്കാന്‍ തുടങ്ങിയതോടെയാണ് ഭാര്യ പരാതി നൽകിയത്. കാമുകിയുമായി ദീപു തുടരുന്ന ബന്ധത്തെ ചൊല്ലിയാണ് ഭാര്യയും ഇയാളും അകന്നതെന്ന സൂചനയാണ് പോലീസില്‍ നിന്നും ലഭ്യമായത്.
ദീപു ജോലി ചെയ്തിരുന്ന ഇവിടെ കേസില്ലെന്നും എറണാകുളം നോര്‍ത്ത് പോലീസ് സ്റ്റേഷനിലാണ് കേസെന്നും കുറുപ്പംപടി സിഐ എം.കെ.സജീവന് മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു. ഭാര്യ നല്കിയ കേസാണ് എതിരെയുള്ളത്. ഇവിടെ ദീപു ജോലിയ്ക്ക് എത്തുന്നില്ല. ഇത് അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്-സിഐ പറയുന്നു.
ദീപു പോയിട്ട് ഒരു വര്‍ഷത്തോളമായി. ഭാര്യ നല്കിയ പരാതിയാണ് അന്വേഷിക്കുന്നത്. ഭാര്യയുടെ പരാതി അല്ലാതെ വേറെയും കേസുകളുണ്ട് എന്നാണ് അറിയുന്നത്. ഇന്നലെ പരാതി ലഭിച്ചതേയുള്ളൂ. അന്വേഷണം നടക്കുകയാണ്-എറണാകുളം നോര്‍ത്ത് പോലീസ് സിഐ പ്രതാപചന്ദ്രന് കെ.ജി. പറഞ്ഞു