കഴിഞ്ഞ മൂന്നു വർഷത്തിനിടയിൽ മാത്രം പ്രധാനമന്ത്രി ജീവൻ ജ്യോതി ബീമ യോജനയിൽ ചേർന്നത് 18 കോടി 50 ലക്ഷം ഗുണഭോക്താക്കൾ


ന്യൂഡൽഹി : കഴിഞ്ഞ മൂന്നു വർഷത്തിനിടയിൽ മാത്രം പ്രധാനമന്ത്രി ജീവൻ ജ്യോതി ബീമ യോജന, പ്രധാനമന്ത്രി സുരക്ഷാ ബീമ യോജന എന്നിവയിൽ പുതുതായി ചേർന്നത് 18 കോടി 50 ലക്ഷം ഗുണഭോക്താക്കളെന്ന് കണക്ക്. ഇതുമായി ബന്ധപ്പെട്ട കണക്കുകൾ ധനകാര്യ സഹമന്ത്രി ഭഗവത് കരാദ് രാജ്യസഭയിൽ അവതരിപ്പിച്ചു.

പാവപ്പെട്ടവർക്കും പിന്നാക്ക പശ്ചാത്തലത്തിൽ നിന്നുള്ള വ്യക്തികൾക്കുമുള്ള ഇൻഷുറൻസ് പദ്ധതികളാണ് പ്രധാനമന്ത്രി ജീവൻ ജ്യോതി ബീമ യോജനയും പ്രധാനമന്ത്രി സുരക്ഷാ ബീമ യോജനയും. പാവപ്പെട്ട ജനങ്ങളുടെ സാമ്പത്തിക പരാധീനത കുറയ്ക്കാൻ ഈ പദ്ധതികൾ ഉപകാരപ്രദമാണെന്ന് ധനകാര്യ സഹമന്ത്രി രാജ്യസഭയിൽ വ്യക്തമാക്കി.

20 രൂപ വാർഷിക പ്രീമിയത്തിന് അപകട മരണത്തിനും വൈകല്യത്തിനും 2 ലക്ഷം രൂപയുടെ ഇൻഷുറൻസ് ലഭിക്കുന്ന പദ്ധതിയാണ് പ്രധാനമന്ത്രി സുരക്ഷാ ബീമ യോജന. 436 രൂപ വാർഷിക പ്രീമിയമാണ് പ്രധാനമന്ത്രി ജീവൻ ജ്യോതി ബീമ യോജനക്ക് ഉള്ളത്. ഏതെങ്കിലും കാരണത്താൽ മരണം സംഭവിച്ചാൽ 2 ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷയാണ് ഈ പദ്ധതിയിൽ ലഭിക്കുക.
Previous Post Next Post