കോവിഡ് ഉപവകഭേദം ജെഎന്‍1 കേരളത്തില്‍ കണ്ടെത്തി;കേരളത്തില്‍ കോവിഡ് കേസുകളുടെ സമീപകാല വര്‍ധനവിന് ഇത് കാരണമാകുമെന്ന് ഐഎംഎ.


ഡൽഹി : കോവിഡ് ഉപവകഭേദമായ ജെഎന്‍.1 കേരളത്തില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. കോവിഡ് പിറോള(ബിഎ.2.86)യുടെ പിന്‍ഗാമിയാണിത്. ജീനോം നിരീക്ഷണത്തിലാണ് ജെഎന്‍.1 സംസ്ഥാനത്ത് ആദ്യമായി കണ്ടെത്തിയത്.

ഐഎന്‍എസ്എസിഒജി യില്‍ നിന്നുള്ള ഏറ്റവും പുതിയ ഡാറ്റ (ഇന്ത്യന്‍ സാര്‍സ് കോവ്2 ജീനോമിക്‌സ് കണ്‍സോര്‍ഷ്യം) കേരളത്തില്‍ ഈ വകഭേദത്തിന്റെ സാന്നിധ്യം സ്ഥിരീകരിച്ചു.

കേരളത്തില്‍ കോവിഡ് കേസുകളുടെ സമീപകാല വര്‍ധനവിന് ജെഎന്‍.1 കാരണമാകുമെന്ന് നാഷണല്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ) കോവിഡ് ടാസ്‌ക് ഫോഴ്‌സ് കോചെയര്‍മാന്‍ ഡോ രാജീവ് ജയദേവന്‍ പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യയില്‍ കോവിഡ് സജീവ കേസുകളുടെ എണ്ണം 938 ആയി ഉയര്‍ന്നു. കേരളത്തില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ രോഗികള്‍ ഉള്ളത് 768 ആണ്.

ഇന്ത്യയില്‍ നിലവില്‍ കോവിഡ് കേസുകള്‍ താരതമ്യേന കുറവാണ്. സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. അതുകൊണ്ടാണ് കേരളത്തില്‍ കാണപ്പെടുന്ന ജെഎന്‍.1 വേരിയന്റ് ഉള്‍പ്പെടെ ഇന്ത്യയിലെ ഏത് പുതിയ വകഭേദത്തിന്റെയും വ്യാപനം കണ്ടെത്താന്‍ കഴിയുന്നത്.

നിലവില്‍, ഈ ഉപവകഭേദം ഇന്ത്യയില്‍ അപകടകരമായി കാണുന്നില്ല. യൂറോപ്യന്‍, നോര്‍ത്ത് അമേരിക്കന്‍ രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തതിനെ അപേക്ഷിച്ച് ഇന്ത്യയില്‍ കോവിഡ് വൈറസിന്റെ സ്വഭാവത്തില്‍ വലിയ വ്യത്യാസമുണ്ട്.

അതേസമയം ഇന്ത്യയില്‍ ശൈത്യകാലത്ത് ചില മാറ്റങ്ങളുണ്ട്, ഈ സീസണില്‍ ശ്വസന വൈറസുകള്‍ ഏറ്റവും സജീവമാണ്. കോവിഡ് കേസുകളുടെ സമീപകാല വര്‍ദ്ധനയ്ക്ക് പിന്നിലെ ഒരു കാരണവും ഇത് ആയിരിക്കാം. ഐഎന്‍എസ്എസിഒജി കോ ചെയര്‍മാന്‍ എന്‍ കെ അറോറ പറഞ്ഞു.
Previous Post Next Post