കുവൈറ്റില്‍ ജെഎന്‍.1 വകഭേദം കണ്ടെത്തി; കടുത്ത നടപടികളില്ലെന്ന് ആരോഗ്യ വകുപ്പ്



കുവൈറ്റ് സിറ്റി: കൊവിഡ് 19ന്റെ പുതിയ വകഭേദം ജെഎന്‍.1 വേരിയന്റ് കുവൈറ്റില്‍ സ്ഥിരീകരിച്ചു. ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്നും കടുത്ത നടപടികള്‍ സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.സ്ഥിതിഗതികള്‍ പ്രവചനാതീതമോ ആശങ്കാജനകമോ അല്ലെന്ന് ആരോഗ്യ മന്ത്രാലയ വക്താവും ഹെല്‍ത്ത് കമ്മ്യൂണിക്കേഷന്‍ സെന്റര്‍ ഡയറക്ടറുമായ ഡോ. അബ്ദുല്ല അല്‍ സനദ് വ്യക്തമാക്കി. രോഗബാധയുണ്ടെന്ന് തോന്നുന്നവര്‍ മറ്റുള്ളവരില്‍ നിന്ന് അകലം പാലിക്കുകയും വൈദ്യസഹായം തേടുകയും വേണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു. ലക്ഷണങ്ങള്‍ കൂടുതല്‍ ദിവസം നിലനില്‍ക്കുകയോ തീവ്രത വര്‍ധിക്കുകയോ ചെയ്യുമ്പോള്‍ നിര്‍ബന്ധമായും ആശുപത്രിയില്‍ പോകണമെന്നും അദ്ദേഹം ഉണര്‍ത്തി.രാജ്യത്ത് കൊവിഡ് വകഭേദങ്ങളും മറ്റ് വൈറസുകളും പൊട്ടിപ്പുറപ്പെടുന്നത് പ്രത്യേക സംഘം നിരീക്ഷിച്ചുവരുന്നുണ്ട്. പരിശോധനകളുടെ ഫലമായി ജെഎന്‍.1 കേസുകള്‍ കണ്ടെത്തിയിട്ടുണ്ട്. എന്നിരുന്നാലും, അത്തരം വകഭേദങ്ങള്‍ കണ്ടെത്തുന്നത് പ്രവചനാതീതമാണ്. എന്നാല്‍ ഇപ്പോള്‍ അസാധാരണമായ പ്രതിരോധ നടപടികളൊന്നും സ്വീകരിക്കുന്നില്ലെന്നും അദ്ദേഹം അറിയിച്ചു.വര്‍ഷത്തിലെ ഈ കാലയളവില്‍ ശ്വസന രോഗങ്ങള്‍ക്ക് കാരണമാകുന്ന സീസണല്‍ വൈറസുകള്‍ പതിവായി കൊണ്ടുവരുന്നുണ്ട്. രോഗബാധയുണ്ടെന്ന് തോന്നുന്നവര്‍ മറ്റുള്ളവരില്‍ നിന്ന് അകലം പാലിക്കുകയും കൂടുതല്‍ പ്രയാസം തോന്നുന്നവര്‍ ഡോക്ടര്‍മാരെ കാണുകയും വേണം.


കുവൈറ്റിലുടനീളം 42 കേന്ദ്രങ്ങളില്‍ ഇന്‍ഫ്‌ലുവന്‍സ, ന്യുമോണിയ എന്നിവയ്ക്കോ ഏറ്റവും പുതിയ തരം ശ്വാസകോശ രോഗങ്ങള്‍ക്കോ ഉള്ള പ്രതിരോധ കുത്തിവയ്പുകള്‍ മന്ത്രാലയം നല്‍കിവരുന്നുണ്ട്. 60 വയസും അതില്‍ കൂടുതലുമുള്ളവരും വിട്ടുമാറാത്ത രോഗങ്ങളാല്‍ ബുദ്ധിമുട്ടുന്നവരും പ്രതിരോധ കുത്തിവയ്പ് എടുക്കണമെന്ന് അദ്ദേഹം ഉപദേശിച്ചു. ആരോഗ്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ ജോലിസമയത്ത് മാസ്‌ക് ഉപയോഗിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.ജെഎന്‍.1 വേരിയന്റ് കഴിഞ്ഞ ദിവസങ്ങളില്‍ സൗദി അറേബ്യയിലും സ്ഥിരീകരിച്ചിരുന്നു. സൗദിയും കടുത്ത ആരോഗ്യ നിയന്ത്രണ നടപടികളിലേക്ക് കടന്നിട്ടില്ല. കൊവിഡ് വകഭേദങ്ങള്‍ക്കെതിരെ ബഹ്റൈന്‍ രാജ്യവ്യാപകമായി ബൂസ്റ്റര്‍ ഡോസുകള്‍ നല്‍കുമെന്ന് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. 12 വയസ്സ് മുതലുള്ള എല്ലാവര്‍ത്തും ബൂസ്റ്റര്‍ ഡോസുകള്‍ നല്‍കാനാണ് തീരുമാനം.

വിവിധ ലോകരാജ്യങ്ങളില്‍ പുതിയ വകഭേദം പടര്‍ന്നുപിടിച്ചിട്ടുണ്ട്. ജെഎന്‍.1 വേരിയന്റ് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കില്ലെന്ന് ലോകാരോഗ്യ സംഘടന പറയുന്നു.

ജെഎന്‍.1 ഒമിക്റോണിന്റെ പിന്‍ഗാമിയാണ്. തൊണ്ടവേദന പ്രധാന ലക്ഷണങ്ങളിലൊന്നാണെന്നും എന്നാല്‍ രുചിയോ മണമോ നഷ്ടപ്പെടുന്നത് പോലുള്ള കൊവിഡ്-19 ലക്ഷണങ്ങള്‍ തീര്‍ത്തും വിരളമാണെന്നും ആരോഗ്യ വിധഗ്ധര്‍ വിശദീകരിക്കുന്നു.
Previous Post Next Post