മോഷ്ടിച്ച ആംബുലൻസുമായി രക്ഷപ്പെടുന്നതിനിടെ അപകടം; 21കാരനെ പിടികൂടി നാട്ടുകാർ, യുവാവ് അറസ്റ്റിൽ



ഉപ്പള: ആംബുലന്‍സ് മോഷ്ടിച്ചു കൊണ്ടുപോകുന്നതിനിടെ അപകടത്തില്‍പ്പെട്ട മോഷ്ടാവിനെ നാട്ടുകാരുടെ സഹായത്തോടെ പോലിസ് പിടികൂടി. കാസർകോട് ഉപ്പള പത്വാടിയിലെ മുഹമ്മദ് നൗഫല്‍ എന്ന സവാദ് (21) ആണ് അറസ്റ്റിലായത്. വെള്ളിയാഴ്ച വൈകുന്നേരം ഉപ്പളയിലാണ് സംഭവം.ആശുപത്രിക്ക് സമീപം നിര്‍ത്തിയിട്ടിരുന്ന ആംബുലൻസാണ് സവാദ് മോഷ്ടിച്ചത്. പച്ചിലംപാറ സ്വദേശിയായ ഡ്രൈവര്‍ രോഗിയെ ഇറക്കി ഉപ്പളയിലെ സ്വകാര്യ ആശുപത്രിയുടെ സമീപത്ത് ആംബുലന്‍സ് നിര്‍ത്തിയിട്ട് കടയിലേക്ക് പോയതായിരുന്നു. ഇതിനിടയിലാണ് മോഷ്ടാവ് ആംബുലന്‍സുമായി കടന്നു കളഞ്ഞത്. ഡ്രൈവര്‍ തിരിച്ചു വന്നപ്പോള്‍ ആംബുലന്‍സ് കാണാത്തതിനെ തുടര്‍ന്ന് ഉടന്‍ മഞ്ചേശ്വരം പോലിസില്‍ വിവരം നല്‍കി.എസ്ഐ നിഖിലിന്റെ നേതൃത്വത്തില്‍ പോലിസ് സ്ഥലത്തെത്തുകയും ഡ്രൈവറോട് വിവരങ്ങള്‍ തേടുകയും ചെയ്തു. ജിപിഎസ് സംവിധാനമുള്ളതിനാല്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ തെരച്ചില്‍ നടത്തി. ആംബുലന്‍സുമായി മോഷ്ടാവ് കര്‍ണാടകയ്ക്കടുത്ത് ബഡാജെ ചൗക്കി ഭാഗത്തെത്തിയതായും വിവരം ലഭിച്ചു.

ഇതിനിടയില്‍ അമിത വേഗതയില്‍ പോകുന്നതിനിടെ ആംബുലന്‍സ് റോഡരികിലെ സ്വകാര്യ വ്യക്തിയുടെ പറമ്പിലേക്ക് കയറി മതിലില്‍ ഇടിച്ചു. ശബ്ദം കേട്ട് ഓടിയെത്തിയ പരിസരവാസികള്‍ യുവാവിന്റെ വെപ്രാളം കണ്ട് കാര്യം തിരക്കിയപ്പോഴാണ് മോഷ്ടിച്ച ആംബുലന്‍സാണെന്ന് മനസിലാക്കിയത്. രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവിനെ നാട്ടുകാര്‍ പിടിച്ചുവെച്ചു. പിന്നാലെ പോലിസെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
Previous Post Next Post