ഡെറാഡൂൺ: ഡൽഹിയിൽനിന്ന് ഡെറാഡൂണിലേക്കുള്ള യാത്ര മാർച്ചോടെ സുന്ദരമാകും. ഇരുനഗരങ്ങളെയും ബന്ധിപ്പിക്കുന്ന എക്സ്പ്രസ് വേ വൈകാതെ പ്രവർത്തനക്ഷമമാകുമെന്ന് ദേശീയപാതാ അതോറിറ്റിയാണ് വ്യക്തമാക്കിയത്. പുതിയ റോഡിൽ സർവീസ് ആരംഭിക്കുന്നതോടെ 22 കി.മീ ആണ് ലാഭിക്കാൻ കഴിയുക. വിനോദ സഞ്ചാര മേഖലയ്ക്കും ഏറെ ഗുണം ചെയ്യുന്നതാണ് ഈ അതിവേഗപാത. 5 മേൽപ്പാലങ്ങളും 110 അടിപ്പാതകളും സർവീസ് റോഡുകളും ഉൾപ്പെടുന്നതാണ് പുതിയ എക്സ്പ്രസ് വേ.എക്സ്പ്രസ് വേ തുറക്കുന്നതോടെ ഡൽഹിയിൽ നിന്ന് ഡെറാഡൂണിലേക്കുള്ള ദൂരം 235 കിലോമീറ്ററിൽ നിന്ന് 213 കിലോമീറ്ററായി കുറയും. 11,970 കോടി രൂപയോളം ചെലവിട്ട് നിർമിക്കുന്ന പാതയിൽ വാഹനങ്ങളുടെ കുറഞ്ഞ വേഗത മണിക്കൂറില്‍ 100 കിലോമീറ്ററായിരിക്കും. ഇതിന് ആവശ്യമായ രീതിയിലാണ് പാത രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന് ദേശീയപാത അതോറിറ്റി പ്രൊജക്ട് ഡയറക്ടർ (ഉത്തരാഖണ്ഡ്) പങ്കജ് മൗര്യ പറഞ്ഞു.രണ്ടര മണിക്കൂർകൊണ്ട് 213 കിലോമീറ്റർ താണ്ടാൻ കഴിയുന്നതാണ് പുതിയ ഇടനാഴി. സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതിനൊപ്പം തന്നെ വിനോദസഞ്ചാരത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന പാതയാകും ഇതെന്നും ഉദ്യോഗസ്ഥർ പറയുന്നു. 'അഞ്ച് മേൽപാലങ്ങൾ, 110 അടിപ്പാതകൾ, ജനസാന്ദ്രതയുള്ള സ്ഥലങ്ങളിൽ 76 കിലോമീറ്റർ ദൂരത്തിൽ സർവീസ് റോഡുകൾ, 29 കിലോമീറ്റർ എലവെറ്റഡ് ഭാഗങ്ങൾ, ആകെ 16 എൻട്രി -എക്സിറ്റ് പോയിന്‍റുകൾ എന്നിവ ഉൾപ്പെടുന്നതാണ് ഈ ഇടനാഴി' പങ്കജ് മൗര്യ പറഞ്ഞു.
നിലവിൽ മണിക്കൂറുകളോളം എടുക്കുന്ന യാത്രയാണ് പുതിയ പാത തുറക്കുന്നതോടെ രണ്ടര മണിക്കൂറിലേക്ക് ചുരുങ്ങുന്നത്. എക്സ്പ്രസ് വേ കടന്നുപോകുന്ന വഴികളിൽ വന്യമൃഗങ്ങളുടെ സഞ്ചാരം തടസ്സപ്പെടാതിരിക്കാന്‍ 12 കിലോമീറ്റര്‍ പാത തൂണുകളിലൂടെയാണ് കടന്നുപോകുന്നത്. ഏഷ്യയിലെതന്നെ ഏറ്റവും ദൈര്‍ഘ്യമേറിയ വന്യജീവി ഇടനാഴിയായിരിക്കും ഇത്.പഴയ റോഡിന്‍റെ നവീകരണ പ്രവർത്തനങ്ങളും ഇതിനോടൊപ്പം നടക്കുന്നുണ്ട്. വന്യജീവികൾക്ക് അവയുടെ സ്വാഭാവിക ആവാസവ്യവസ്ഥ ലഭിക്കുന്നതിനുവേണ്ട നടപടികളും മേൽനോട്ട സമിതിയുടെ നേതൃത്വത്തിൽ നടക്കുന്നുണ്ട്. കലുങ്കുകളുടെ നിർമാണം, വൃഷ്ടിപ്രദേശങ്ങളിലെ അണക്കെട്ടുകൾ തുടങ്ങിയ പദ്ധതികളാണ് പുരോഗിക്കുന്നത്.