പാക്കിസ്ഥാനിലെ സൈനിക താവളത്തിലുണ്ടായ ചാവേർ ആക്രമണത്തിൽ 23 പേർ കൊല്ലപ്പെട്ടു. അഫ്ഗാൻ അതിർത്തിയിലെ ഖൈബർ-പക്തൂൺഖ്വയിലുള്ള ദേര ഇസ്മായിൽ ഖാൻ ജില്ലയിലാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം തെഹ്‌രീകെ താലിബാൻ ഏറ്റെടുത്തു.പുലർച്ചെ എല്ലാവരും ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു ആക്രമണം. പാക് സൈന്യം ബേസ് ക്യാമ്പായി ഉപയോഗിച്ചിരുന്ന സ്ഥലത്താണ് സ്‌ഫോടനം നടന്നത്. സ്‌ഫോടകവസ്തുക്കൾ നിറച്ച ട്രക്കുമായി ഡർബൻ ഏരിയയിലെ സൈനിക താവളത്തിൽ എത്തിയ ആറംഗ ഭീകരസംഘം സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു.
സ്‌ഫോടനത്തിൽ കെട്ടിടം തകർന്നതും ദുരന്തത്തിന്റെ ആക്കം കൂടി. അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് മൃതദേഹം പുറത്തെടുക്കാനുള്ള ശ്രമം തുടരുകയാണ്. 27 പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. പ്രദേശത്ത് സൈന്യം തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്. എയർബേസിന് നേരെയുണ്ടായ ആക്രമണത്തിന്റെ ഉത്തരവാദിത്തം തെഹ്‌രീകെ ജിഹാദ് പാകിസ്ഥാൻ ഏറ്റെടുത്തു.
ഇനിയും ആക്രമണങ്ങൾ ഉണ്ടാകുമെന്ന് ടിജെപി വക്താവ് മുല്ല മുഹമ്മദ് കാസിം മുന്നറിയിപ്പ് നൽകി. അഫ്ഗാനിസ്ഥാന്റെ മാതൃകയിൽ പാക്കിസ്ഥാനിൽ സർക്കാർ രൂപീകരിക്കാനാണ് ഈ ഭീകര സംഘടന ശ്രമിക്കുന്നത്.