ഗവർണറുടെ റൂട്ട് പോലീസിൽ നിന്ന് ചോർന്നതായി ഇൻ്റലിജൻസ്; ഗുരുതര വീഴ്ച 24 മണിക്കൂറിൽ 3 മുന്നറിയിപ്പിന് ശേഷം

 


ഗവർണർ ആരിഫ് മുഹമ്മദ് ഖാന് മതിയായ സു​ര​ക്ഷ​ നൽകുന്നതിൽ കേരളാ പൊലീസിലെ ഒരു വിഭാഗം കടുത്ത അനാസ്ഥ വരുത്തിയെന്ന വിലയിരുത്തൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഗൗരവമായി വീക്ഷിക്കുന്നു. തിങ്കളാഴ്ച്ച വൈകിട്ട് ജനറൽ ആശുപത്രിക്ക് സമീപം ഗവർണർക്കെതിരായ എസ്എഫ്ഐ പ്രതിഷേധ സമരം നാടകീയ സംഭവങ്ങളിലേക്ക് വഴിതെളിച്ച പശ്ചാത്തലത്തിലാണ് ഇത്.

സുരക്ഷയൊ​രു​ക്കാ​ൻ സംസ്ഥാന പൊലീസ് സ്വീ​ക​രി​ച്ച മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ൾ പ്രതിഷേധക്കാർക്ക് ചോ​ർ​ത്തി​യ​തായി സംസ്ഥാന ഇന്റലിജൻസും കണ്ടെത്തിയിട്ടുണ്ട്. ഗവർണറെ കരിങ്കൊടി കാണിക്കുമെന്നും ആക്രമിക്കാൻ സാധ്യതയുണ്ടെന്നും സംസ്ഥാന ഇന്റലിജൻസ് 24 മണിക്കൂറിനിടെ മൂന്നുതവണ മുന്നറിയിപ്പ് റിപ്പോർട്ട് നൽകിയിട്ടും അവഗണിച്ചത് വൻ സുരക്ഷാ വീഴ്ചയായി ഇന്റലിജൻസ് വിഭാഗങ്ങൾ ചൂണ്ടിക്കാണിക്കുന്നുഇത് വൻ സുരക്ഷാ വീഴ്ചയാണെന്നും അതിനുപിന്നിൽ സംസ്ഥാന പൊലീസിലെ രാഷ്ട്രീയ സ്വാധീനവും താൽപര്യവും ഉള്ള ഉദ്യോഗസ്ഥരുടെ ഇടപെടൽ ഉണ്ടെന്നുമാണ് വിലയിരുത്തൽ. എട്ടു മാസം മുമ്പ് പ്രധാനമന്ത്രിയുടെ സന്ദർശനത്തിലും സമാനമായ സംഭവം മുൻപും ഉണ്ടായതായി ചൂണ്ടിക്കാണിക്കപ്പെടുന്നു.

സംസ്ഥാന സർക്കാരും ഗവർണറുമായുള്ള ഏറ്റുമുട്ടലിൽ പൊലീസിലെ രാഷ്ട്രീയ ബന്ധമുള്ളവരുടെ അനാവശ്യ താൽപര്യവും ഇടപെടലുമാണ് ഇത്തരമൊരു സ്ഥിതിയിലേക്ക് നയിച്ചതെന്നാണ് സൂചന.

പ്രതിഷേധത്തിന് സാധ്യതയുള്ള സ്ഥലങ്ങൾ അടക്കം ചൂണ്ടിക്കാട്ടി ഇന്നലെ ഉച്ചയ്ക്കു തന്നെ സംസ്ഥാന ഇന്റലിജൻസ് മൂന്നാമത്തെ റിപ്പോർട്ടും നൽകിയിരുന്നു. ഗവർണര്‍ക്ക് അധിക സുരക്ഷ ഒരുക്കണമെന്നും പൊലീസിനോട് ആവശ്യപ്പെട്ടു. എന്നാൽ ഇത് നിസാരവൽക്കരിച്ചതാണ് രാത്രി ജനറൽ ആശുപത്രിക്കടുത്ത് സംഘർഷമുണ്ടാകാനിടയായതെന്നാണ് കണ്ടെത്തൽ.കഴിഞ്ഞ ദിവസം ഗവർണർക്കെതിരെ എസ്എഫ്ഐ പ്രതിഷേധത്തിന് പിന്നാലെ ഞായറാഴ്ച വൈകിട്ടായിരുന്നു ഇന്റലിജൻസിന്റെ ആദ്യ റിപ്പോർട്ട്. തിങ്കളാഴ്ച ഗവർണർക്ക് വിമാനത്താവളത്തിലേക്ക് പോകുന്നതിന് സ്ഥിരം റൂട്ടല്ലാതെ മറ്റൊരു റൂട്ട് കൂടി നിശ്ചയിക്കണമെന്നും നിർദേശിച്ചു. ഇത് അതീവ രഹസ്യമായി സൂക്ഷിക്കണമെന്ന് സിറ്റി പൊലീസ് കമ്മീഷണർ ഉദ്യോഗസ്ഥർക്ക് ഞായറാഴ്ച വൈകിട്ട് സന്ദേശവും നൽകിയതായി സൂചനയുണ്ട്.


പ്രതിഷേധം രൂക്ഷമാകുമെന്നറിയിച്ച് തിങ്കളാഴ്ച രാവിലെ രണ്ടാമത്തെ റിപ്പോർട്ട് ഇന്റലിജൻസ് നൽകി. ഉച്ചയ്ക്ക് നൽകിയ മൂന്നാമത്തെ റിപ്പോർട്ടിൽ പാളയം അണ്ടർ പാസിനും പേട്ടയ്ക്കും ഇടയിൽ മൂന്നു കിലോമീറ്ററിൽ മൂന്ന് സ്ഥലങ്ങളിൽ പ്രതിഷേധ സാധ്യതയെന്നും ചൂണ്ടിക്കാട്ടി. സുരക്ഷയ്ക്ക് അധിക പൊലീസിനെ നിയോഗിക്കണമെന്ന് നിർദേശിക്കുകയും ചെയ്തു. എന്നാൽ വേണ്ടത്ര മുൻകരുതലോ അധിക സുരക്ഷാ നടപടികളോ സ്വീകരിച്ചില്ലെന്നാണ് ആക്ഷേപം.

അണ്ടർ പാസിനും പേട്ടയ്ക്കും ഇടയിലെ ജനറൽ ആശുപത്രിക്കടുത്താണ് ഏഴു മണിയോടെ ഗവർണർക്കെതിരേ SFI പ്രവർത്തകരുടെ പ്രതിഷേധമുണ്ടായത്.

സമാനമായ സുരക്ഷാ വീഴ്ച മുൻപും ഉണ്ടായതായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ഏപ്രിലിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേരള സന്ദര്‍ശനവുമായി ബന്ധപ്പെട്ട് പൊലീസ് തയാറാക്കിയ സുരക്ഷാ പദ്ധതി ചോര്‍ന്നിരുന്നു. ഇന്റലിജന്‍സ് മേധാവി തയാറാക്കിയ സുരക്ഷ റിപ്പോര്‍ട്ടാണ് അന്ന് പുറത്തായത്. പ്രധാനമന്ത്രി ഏപ്രില്‍ 24 ന് കേരളത്തില്‍ എത്തി തിരികെ പോകുന്നത് വരെയുള്ള പ്രോഗ്രാമുകളുടെയും സുരക്ഷയുടെയും പൂര്‍ണ വിവരമാണ് അന്ന് ചോര്‍ന്നിരുന്നത്.

Previous Post Next Post