തൃശ്ശൂർ: നടി ഗൗതമിയുടെ സ്വത്ത് തട്ടിയെടുത്ത കേസിലെ മുഖ്യപ്രതികൾ പിടിയിൽ. ഒന്നാം പ്രതി സി അഴകപ്പൻ, ഭാര്യ നാച്ചൽ, മറ്റു കുടുംബാംഗങ്ങൾ എന്നിവരാണ് കുന്നംകുളത്ത് പിടിയിലായത്. വിൽക്കാനായി ഏൽപ്പിച്ച 25 കോടി രൂപയുടെ സ്വത്ത് കബളിപ്പിച്ച് തട്ടിയെടുത്തെന്നാണ് നടിയുടെ പരാതി.
ആകെ ആറ് പ്രതികളാണ് കേസിലുള്ളത്. പ്രതികളിൽ ഒരാളായ ബലരാമനെ പൊലീസ് നേരത്തെ പിടികൂടിയിരുന്നു. കുന്നംകുളം ചൂണ്ടലിലെ വാടക വീട്ടിൽ ഒളിവിൽ കഴിഞ്ഞിരുന്ന മറ്റുള്ളവരെ ചെന്നൈ ക്രൈംബ്രാഞ്ച് സംഘം പിടികൂടുകയായിരുന്നു. പ്രാദേശിക മാധ്യമപ്രവർത്തകനാണ് ഇവർക്ക് കുന്നംകുളത്ത് ഒളിയിടം ഒരുക്കിയത്. അഴകപ്പനും കുടുംബാംഗങ്ങളും നൽകിയ മുൻകൂർ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം മദ്രാസ് ഹൈക്കോടതി തള്ളിയിരുന്നു
തന്റെ സ്വത്തു തട്ടിയെടുത്ത അഴകപ്പനെ ബിജെപി നേതാക്കൾ പിന്തുണയ്‌ക്കുന്നു എന്നാരോപിച്ച് അടുത്തിടെയാണ് നടി ബിജെപി വിട്ടത്. 25 കോടി രൂപയുടെ സ്വത്ത് വ്യാജരേഖകൾ ഉപയോഗിച്ച് തട്ടിയെടുത്തെന്നാണ് ആരോപണം. സാമ്പത്തിക ആവശ്യങ്ങൾക്കായി തന്റെ പേരിലുള്ള 46 ഏക്കര്‍ ഭൂമി വിൽക്കാൻ തീരുമാനിച്ചിരുന്നു. വില്പന നടത്താൻ സഹായിക്കാമെന്ന് അഴകപ്പനും ഭാര്യയും വാഗ്‌ദാനം ചെയ്തു. അവരെ വിശ്വസിച്ച് പവർ ഓഫ് അറ്റോർണി നൽകിയെന്നും അഴകപ്പനും കുടുംബവും തന്റെ ഒപ്പ് ഉപയോഗിച്ചും വ്യാജരേഖ ചമച്ചും 25 കോടിയോളം രൂപയുടെ സ്വത്ത് തട്ടിയെടുത്തെന്നുമാണ് ഗൗതമിയുടെ പരാതി.