തിരുവനന്തപുരം: നവകേരളത്തിന്‍റെ മനസ് യുഡിഎഫിനൊപ്പമാണെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ പറഞ്ഞു. ജനങ്ങളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാതെ നവകേരള സദസെന്ന കെട്ടുകാഴ്ചയുമായി നാടുചുറ്റുന്ന മുഖ്യമന്ത്രി പിണറായി വിജയന് മുഖമടച്ചു കിട്ടിയ കനത്ത പ്രഹരം. നവകേരള സദസ് സഞ്ചരിച്ച മിക്കയിടങ്ങളിലും തിളക്കമാര്‍ന്ന ജയം ഉണ്ടായി. ഭരണവിരുദ്ധ വികാരം താഴെത്തട്ടില്‍ പ്രതിഫലിച്ചതിന് തെളിവാണിത്. ശബരിമല ദര്‍ശനത്തെക്കാള്‍ പിണറായിയുടെ ദര്‍ശനത്തിന് സര്‍ക്കാര്‍ പ്രാമുഖ്യം നൽകിയതിന് ജനങ്ങള്‍ നൽകിയ മുന്നറിയിപ്പ്.
33 തദ്ദേശ വാര്‍ഡുകളില്‍ 17ല്‍ യുഡിഎഫ് വിജയിച്ചു. അതില്‍ പതിനാലിലും കോണ്‍ഗ്രസിന്റെയും മൂന്നില്‍ മുസ്ലീംലീഗിന്റെയും സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു. കഴിഞ്ഞ തവണ പന്ത്രണ്ടിടത്ത് വിജയിച്ച എല്‍ഡിഎഫിന് ഇത്തവണ പത്തു വാര്‍ഡുകളില്‍ മാത്രമാണ് വിജയിക്കാനായത്. 11 സീറ്റുണ്ടായിരുന്ന യുഡിഎഫ് 17 സീറ്റ് നേടി ഉജ്വല പ്രകടനം കാഴ്ചവച്ചു. പിണറായി സര്‍ക്കാരിനെ ജനം എത്രത്തോളം വെറുക്കുന്നു എന്നതിന്റെ തെളിവാണ് ഈ തരംഗം.