അബുദാബി: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെസിഡന്‍ഷ്യല്‍ ക്ലോക്ക് ടവര്‍ ദുബായ് ഉടന്‍ നിര്‍മാണം തുടങ്ങും. 'ഫ്രാങ്ക് മുള്ളര്‍ എറ്റെര്‍നിറ്റാസ്' എന്ന് പേരില്‍ ദുബായ് മറീനയില്‍ നിര്‍മിക്കുന്ന കെട്ടിടത്തിന് 450 മീറ്റര്‍ ഉയരമുണ്ടാവും.യുഎഇയുടെ മുന്‍നിര റിയല്‍ എസ്റ്റേറ്റ് ഡെവലപ്പറായ ലണ്ടന്‍ ഗേറ്റും ദുബായിലെ സ്വിസ് ആഡംബര വാച്ച് നിര്‍മ്മാതാക്കളായ ഫ്രാങ്ക് മുള്ളറും ചേര്‍ന്നാണ് പുതിയ സംരംഭം പ്രഖ്യാപിച്ചത്. ഫ്രാങ്ക് മുള്ളര്‍ കമ്പനിയുടെ റിയല്‍ എസ്റ്റേറ്റ് രംഗത്തേക്കുള്ള ആദ്യ ചുവടുവയ്പ് കൂടിയാണിത്.ലണ്ടന്‍ ഗേറ്റ്, ഫ്രാങ്ക് മുള്ളര്‍ പ്രതിനിധികള്‍ ചേര്‍ന്ന് ഇന്നലെ ദുബായില്‍ ഇതുസംബന്ധിച്ച കരാര്‍ ഒപ്പുവച്ചു. 2024 ജനുവരിയില്‍ ഔദ്യോഗിക പ്രഖ്യാപനമുണ്ടാവും. കെട്ടിടത്തിന്റെ നിര്‍മാണം 2026ല്‍ പൂര്‍ത്തീകരിച്ച് താമസക്കാര്‍ക്ക് കൈമാറാനാവുമെന്നാണ് പ്രതീക്ഷ. പദ്ധതി പൂര്‍ത്തിയാവുന്നതോടെ ഏറ്റവും ഉയരം കൂടിയ റെസിഡന്‍ഷ്യല്‍ ടവര്‍, ബ്രാന്‍ഡഡ് റെസിഡന്‍ഷ്യല്‍ ടവര്‍ എന്നീ നിലകളില്‍ ഇത് അടയാളപ്പെടുത്തും.ഫ്രാങ്ക് മുള്ളര്‍ കമ്പനിയുടെ റിയല്‍ എസ്റ്റേറ്റ് രംഗത്തെ വരവ് ബ്രാന്‍ഡിന്റെ ആഗോള പ്രശസ്തി മെച്ചപ്പെടുത്താന്‍ വഴിയൊരുക്കുമെന്നും കമ്പനി കണക്കുകൂട്ടുന്നു. ദുബായിലെ അംബരചുംബികളായ കെട്ടിടങ്ങളുടെ ശ്രേണിയില്‍ പുതിയ തലയെടുപ്പായി 'ഫ്രാങ്ക് മുള്ളര്‍ എറ്റെര്‍നിറ്റാസ്' മാറുമെന്ന് ഫ്രാങ്ക് മുള്ളര്‍ മാനേജിങ് ഡയറക്ടര്‍ എറോള്‍ ബാലിയന്‍ പ്രസ്താവനയില്‍ പറഞ്ഞു. ലണ്ടന്‍ ഗേറ്റുമായുള്ള നൂതന പങ്കാളിത്തത്തോടെ മിഡില്‍ ഈസ്റ്റില്‍ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുകയാണെന്നും എറോള്‍ ബാലിയന്‍ പറഞ്ഞു.ലോകത്തിലെ ഏറ്റവും ഊര്‍ജസ്വലവും ആഡംബരപൂര്‍ണവും വികസിതവുമായ നഗരങ്ങളില്‍ ഒന്നായി അറിയപ്പെടുന്ന ദുബായ് പോലുള്ള ലോകോത്തര നഗരത്തില്‍ ഫ്രാങ്ക് മുള്ളറുടെ ആദ്യത്തെ റിയല്‍ എസ്റ്റേറ്റ് സഹകരണം ആരംഭിക്കുന്നത് അവിശ്വസനീയമാണെന്നും എംഡി അഭിപ്രായപ്പെട്ടു.