തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ രംഗത്തെ മാർക്ക് വിതരണത്തെ രൂക്ഷമായി വിമർശിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ് ഷാനവാസ്. അക്ഷരം കൂട്ടിവായിക്കാനറിയാത്ത കുട്ടികൾക്ക് പോലും എ പ്ലസ് കിട്ടുന്നുവെന്നാണ് വിമർശനം.
അങ്ങനെ ഉളളവർ ഇനി എ പ്ലസ് നേടരുത്.എ പ്ലസ് ഗ്രേഡും എ ഗ്രേഡും ഒക്കെ നിസ്സാരമാണോ. ജയിക്കുന്നവർ ഒക്കെ ജയിച്ചു പോട്ടെ. 50 ശതമാനം മാർക്ക് വരെ ഔദാര്യം നൽകാം. അതിനുശേഷം ഉള്ള മാർക്ക് നേടി എടുക്കേണ്ടതാണ്. ചോദ്യപ്പേപ്പർ തയ്യാറാക്കുന്ന അധ്യാപകർക്കായി വിളിച്ച യോഗത്തിലാണ് പരാമർശം.
എസ്എസ്എൽസി ചോദ്യപ്പേപ്പർ തയാറാക്കലിനായുള്ള ശിൽപശാലയ്ക്കിടെ ഉന്നയിച്ച വിമർശനത്തിന്റെ ശബ്ദരേഖയാണ് പുറത്ത് വന്നത്.ഒരു കാലത്ത് യൂറോപ്പിനോട് താരതമ്യം ചെയ്തിരുന്ന നമ്മുടെ പൊതുവിദ്യാഭ്യാസ രംഗം, ഇപ്പോൾ ബിഹാറിനോടും യുപിയോടുമാണ് കൂട്ടിക്കെട്ടുന്നതെന്നാണ് വിമർശനം.
അതേസമയം പൊതു വിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കുകയും മെച്ചപ്പെടുത്തുകയും ചെയ്യുക എന്നതാണ് സർക്കാർ നയമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി.
തികച്ചും ആന്തരികമായി നടക്കുന്ന ശില്പശാലകളിൽ വിമർശനപരമായി വിദ്യാഭ്യാസത്തെ എങ്ങിനെ സമീപിക്കണം എന്ന് അഭിപ്രായം പറയുന്നതിനെ സർക്കാർ നിലപാടായി കാണേണ്ടതില്ല. അധ്യാപകരുടെ യോഗത്തിലേതെന്ന് പറഞ്ഞ് ഒരു ശബ്ദരേഖ പുറത്ത് വന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണം.