ഓൺലൈൻ റമ്മി കളിക്കാനുള്ള പണത്തിന് വേണ്ടി 80 വയസുകാരിയുടെ കഴുത്തിൽ കത്തി വെച്ച് മോഷണം നടത്തിയ പാലാ ഭരണങ്ങാനം സ്വദേശി പിടിയിൽ



പത്തനംതിട്ട : ഓൺലൈൻ റമ്മി കളിക്കാനുള്ള പണത്തിന് വേണ്ടി 80 വയസുകാരിയുടെ കഴുത്തിൽ കത്തി വെച്ച് മോഷണം നടത്തിയ യുവാവ് പിടിയിൽ. കോട്ടയം പാലാ ഭരണങ്ങാനം സ്വദേശി അമൽ അഗസ്റ്റിനാണ് പിടിയിലായത്. ഓൺലൈൻ റമ്മി കളിച്ച് അമലിന്റെ 3 ലക്ഷം രൂപ നഷ്ടമായി. ഈ പണം വീണ്ടെടുക്കാൻ വേണ്ടിയാണ് പത്തനംതിട്ട നെടിയകാല സ്വദേശിയായ 80 വയസുകാരിയുടെ കഴുത്തിൽ കത്തി വെച്ച് മാല പിടിച്ചു പറിച്ചത്. സംഭവത്തിൽ ഇലവുംതിട്ട പൊലീസാണ് പ്രതിയെ പിടികൂടിയത്.

ഡിസംബർ 23 നാണ് ഇലവുംതിട്ടയിൽ വെച്ച് 80 കാരിയെ വഴിയിൽ തടഞ്ഞുനിർത്തി അമൽ കഴുത്തിൽ കത്തിവെച്ച് മാല കവർന്നത്. ഒട്ടേറെ സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ചാണ് പൊലീസ് കൈപ്പുഴയിൽ വാടകയ്ക്ക് താമസിക്കുന്ന അമൽ തന്നെയാണ് പ്രതിയെന്ന് തിരിച്ചറിഞ്ഞത്. തുടർന്ന് ചോദ്യം ചെയ്യലിലാണ് ഓൺലൈൻ റമ്മിക്ക് അടിമയായ യുവാവ് നഷ്ടമായ പണം വീണ്ടെടുക്കാനാണ് കവർച്ചയ്ക്ക് ഇറങ്ങിയതെന്ന് മനസിലായത്. ഈ അടുത്ത് മൂന്ന് ലക്ഷം രൂപ അമൽ അഗസ്റ്റിന് റമ്മി കളിയിൽ നഷ്ടം വന്നിരുന്നു. ഇത് നികത്താനായിരുന്നു മോഷണം.
Previous Post Next Post