ലഖ്നൗ: ടയർ പൊട്ടിയതിനെ തുടർന്ന് നിയന്ത്രണം നഷ്ടമായ കാർ ട്രക്കിലിടിച്ച് തീപിടിച്ച് ഒരു കുടുംബത്തിലെ 8 പേർ കൊല്ലപ്പെട്ടു. ഉത്തർ പ്രദേശിലെ ബറേലി ജില്ലയിലെ ഭോജിപുരയിൽ നൈനിറ്റാൾ ദേശീയപാതയിലായിരുന്നു അപകടം. കാർ യാത്രികരാണ് മരിച്ചത്.
7 മുതിർന്നവരും ഒരു കുട്ടിയുമാണ് മരിച്ചത്. ഉത്തരാഖണ്ഡിലെ ബഹേദി ഗ്രാമത്തിലുള്ളവരാണ് അപകടത്തിൽ പെട്ട കുടുംബം. ട്രക്കുമായി കൂട്ടിയിടിച്ചയുടൻ കാറിന് തീപിടിക്കുകയായിരുന്നു. കാറിന്റെ ടയർ പൊട്ടിയതിനാൽ ഡ്രൈവർക്ക് നിയന്ത്രണം നഷ്ടമായതാണ് ദുരന്തത്തിൽ കലാശിച്ചത്.
കാർ സെൻട്രൽ ലോക്ക് ആയിരുന്നതിനാൽ ഉള്ളിൽ ഉണ്ടായിരുന്നവർക്ക് ഡോർ തുറന്ന് പുറത്തിറങ്ങാൻ സാധിച്ചില്ല. നിമിഷങ്ങൾക്കുള്ളിൽ അഗ്നിഗോളമായി മാറിയ കാറിനുള്ളിൽ എട്ട് പേരും വെന്ത് മരിക്കുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു.