ഗൂഗിൾ പേ വഴി ലോണും; 8 ലക്ഷം രൂപ വരെ ഇഎംഐയിൽ ലഭിക്കും വിശദമായി അറിയാം



ജനപ്രിയ പേയ്‌മെന്റ് ആപ്പുകളിലൊന്നായ ഗൂഗിൾ പേ വഴി ലോൺ ലഭിക്കുമെന്ന് എത്ര പേർക്കറിയാം. പതിനായിരം രൂപ മുതൽ എട്ടുലക്ഷം രൂപ വരെയുള്ള ഇന്‍സ്റ്റന്റ് ലോണാണ് ഗൂഗിൾ പേ നൽകുന്നത്. ഡിഎംഐ ഫിനാന്‍സുമായി സഹകരിച്ചാണ് ഈ ലോൺ സൗകര്യം ഒരുക്കിയിരിക്കുന്നത്. ആപ്പിൽ നിർദേശിച്ചിരിക്കുന്ന നടപടിക്രമങ്ങൾ പൂർത്തിയാക്കായൽ മിനിറ്റുകള്‍ക്കുള്ളില്‍ ലോൺ ലഭിക്കും.
ലോൺ ലഭിക്കാനുള്ള മാനദണ്ഡങ്ങൾ

പാൻ കാർഡ് വിവരങ്ങൾ ഉൾപ്പെടെ ആപ്പ് വഴി നൽകിയാണ് ലോണിനായി അപേക്ഷിക്കേണ്ടത്. ഇതോടെ ഉപയോക്താവിൻ്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങളിലേക്ക് ഡിഎംഐ ഫിനാന്‍സിന് ആക്‌സസ് ലഭിക്കും. തുടർന്ന് അപേക്ഷകൻ്റെ ക്രെഡിറ്റ് സ്കോറും ക്രെഡിറ്റ് ഹിസ്റ്ററിയുമടക്കം പരിശോധിച്ച് എത്ര രൂപ അനുവദിക്കാൻ കഴിയും എന്ന് കാണിക്കും. എട്ടുലക്ഷം രൂപ വരെ വായ്പ നല്‍കുമെന്ന് പറയുന്നുണ്ടെങ്കിലും ഉയര്‍ന്ന ക്രെഡിറ്റ് ഹിസ്റ്ററിയും ക്രെഡിറ്റ് സ്‌കോറുമുള്ളവര്‍ക്കാണ് കൂടുതല്‍ തുക ലോണായി ലഭിക്കുക. ശമ്പളവും ചിലവും അക്കൗണ്ടില്‍ ബാലന്‍സുള്ള തുകയുമൊക്കെ പരിശോധിച്ച ശേഷമാണ് ലോൺ അനുവദിക്കുക. പുതിയ ഉപയോക്താക്കൾക്ക് 10,000 രൂപ മുതല്‍ 40,000 രൂപ വരെയൊക്കെയാണ് പരമാവധി പ്രീ അപ്രൂവ്ഡ് ലോണായി നൽകുന്നത്.
എങ്ങനെ തിരിച്ചടയ്ക്കണം?

വിവിധ ഇഎംഐ പ്ലാനിലാണ് ലോൺ ലഭിക്കുന്നത്. ഉപയോക്താവ് തിരഞ്ഞെടുക്കുന്ന ഇഎംഐ അനുസരിച്ച് പലിശയും വ്യത്യാസപ്പെടും. 36.99 ശതമാനം വരെ വാര്‍ഷിക പലിശയാണ് നിലവിൽ ഈടാക്കുന്നത്. 18 മാസം, 12 മാസം, 6 മാസം എന്നിങ്ങനെയാണ് ഇഎംഐ കാലാവധി.

പലിശ വിവരങ്ങള്‍

40,000 രൂപ 18 മാസത്തെ ഇഎംഐയിലെടുത്താല്‍ 2,929 രൂപയാണ് പ്രതിമാസം അടയ്ക്കേണ്ടത്. ആകെ 52,722 രൂപ ഉപയോക്താവ് തിരിച്ചടയ്ക്കണം. 12 മാസത്തെ ഇഎംഐ പ്രകാരം പ്രതിമാസം 4,038 രൂപയാണ് തിരിച്ചടയ്‌ക്കേണ്ടത്. പലിശയും മുതലും ചേര്‍ത്ത് മൊത്തം 48,456 രൂപ തിരിച്ചടയ്ക്കണം. ആറുമാസത്തെ ഇഎംഐ തിരഞ്ഞെടുത്താൽ പ്രതിമാസം 7,404 രൂപ വീതം അടയ്ക്കണം. അതായത് ആകെ തിരിച്ചടയ്‌ക്കേണ്ടി വരുന്നത് 44,424 രൂപ.


ഉടനടി പണം അക്കൗണ്ടിലെത്തും

നിങ്ങൾക്ക് ഗൂഗിൾ പേ ശുപാർശ ചെയ്യുന്നത് ദീർഘകാലാവധിയുള്ള ഇഎംഐ. ആയിരിക്കും. കുറഞ്ഞ കാലാവധി തിരഞ്ഞെടുത്താല്‍ പ്രതിമാസ തിരിച്ചടവ് കൂടുന്നത് കണക്കിലെടുത്താണിത്. കുറഞ്ഞ കാലാവധി തിരിച്ചടവില്‍ വീഴ്ച വരാനുള്ള സാധ്യതയും കൂടുമെന്നും ഗൂഗിൾ പേ വിലയിരുത്തുന്നു. നിങ്ങള്‍ക്ക് അനുയോജ്യമായ ഇഎംഐ കാലാവധി തിരഞ്ഞെടുത്ത് കഴിഞ്ഞാല്‍ ഉടൻ ആപ്പ് ലിങ്ക് ചെയ്തിട്ടുള്ള അക്കൗണ്ടിലേക്ക് പണം എത്തും.എന്നാൽ എല്ലാവർക്കും ഗൂഗിൾ പേ ഈ വായ്പാ സൗകര്യം ലഭ്യമാക്കിയിട്ടില്ല. ഗൂഗിള്‍ പേയുടെ പ്രീ ക്വാളിഫിക്കേഷൻ ഉള്ളവർക്കാണ് ലോൺ ലഭിക്കുക.
Previous Post Next Post