കുവൈറ്റ് പ്രവാസികള്‍ക്ക് ഇനി മുതല്‍ ഡിജിറ്റല്‍ ഡ്രൈവിങ് ലൈസന്‍സ്; ഓരോ വര്‍ഷവും ലൈസന്‍സ് പുതുക്കണം



കുവൈറ്റ് സിറ്റി: കുവൈറ്റിലെ പ്രവാസികള്‍ക്ക് ഇനി മുതല്‍ ഡിജിറ്റല്‍ ഡ്രൈവിങ് ലൈസന്‍സ് മാത്രം. ഇതുമായി ബന്ധപ്പെട്ട ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്ട്മെന്‍റിന്‍റെ തീരുമാനം ഡിസംബര്‍ 10 ഞായറാഴ്ച മുതല്‍ പ്രാബല്യത്തില്‍ വന്നതായി അധികൃതര്‍ അറിയിച്ചു. ഇനിമുതല്‍ കുവൈറ്റിലെ പ്രവാസികള്‍ ഡ്രൈവിങ് ലൈസന്‍സിന്‍റെ പ്രിന്‍റ് ചെയ്ത കോപ്പി കൈവശം വയ്‌ക്കേണ്ടതില്ല. പകരം അതിന്‍റെ ഡിജിറ്റല്‍ കോപ്പി മതിയാകുമെന്ന് അധികൃതര്‍ വ്യക്തമാക്കി.എന്നാല്‍, രണ്ടുവിഭാഗം പ്രവാസി ഡ്രൈവര്‍മാരെ ഈ തീരുമാനത്തില്‍നിന്ന് മന്ത്രാലയം ഒഴിവാക്കിയിട്ടുണ്ട്. ആര്‍ട്ടിക്കിള്‍ 20 പ്രകാരമുള്ള ഗാര്‍ഹിക ഡ്രൈവര്‍മാര്‍, രാജ്യത്തിനകത്ത് സര്‍വീസ് നടത്തുന്ന ട്രക്ക് ഡ്രൈവര്‍മാര്‍ എന്നിവര്‍ക്കാണ് ഇത് ബാധകമല്ലാത്തത്. ഈ രണ്ടുവിഭാഗം ഡ്രൈവര്‍മാരും ലൈസന്‍സിന്‍റെ ഹാര്‍ഡ് കോപ്പി തന്നെ കൈയില്‍ കരുതണം. അതേസമയം, ഡിജിറ്റല്‍ ലൈസന്‍സുകള്‍ മാത്രം കൈവശം വയ്ക്കാന്‍ അനുമതിയുള്ള കുവൈറ്റ് പ്രവാസികള്‍ രാജ്യത്തിന് പുറത്തേക്ക് വാഹനം ഓടിച്ചു പോകുകയാണെങ്കില്‍ തങ്ങളുടെ ബന്ധപ്പെട്ട രാജ്യങ്ങളിലെ ഡ്രൈവിങ് ലൈസന്‍സുകള്‍ കൈയില്‍ കരുതണമെന്നും അധികൃതര്‍ വ്യക്തമാക്കി.പുതിയ ഡിജിറ്റല്‍ ഡ്രൈവിങ് ലൈസന്‍സുകളുടെ കാലാവധി ഒരുവര്‍ഷം മാത്രമായിരിക്കുമെന്നും അധികൃതര്‍ അറിയിച്ചു. ആഭ്യന്തര മന്ത്രാലയത്തിന്‍റെ വെബ്സൈറ്റ് വഴിയും ഇലക്ട്രോണിക് സേവനങ്ങള്‍ക്കായുള്ള ഏകീകൃത സര്‍ക്കാര്‍ സംവിധാനമായ സഹല്‍ ആപ്പിലൂടെയും ഡ്രൈവിങ് ലൈസന്‍സുകള്‍ ഇലക്ട്രോണിക് രീതിയില്‍ പുതുക്കാം. ഇതിനുള്ള അപേക്ഷകളും ഓണ്‍ലൈനായാണ് നല്‍കേണ്ടത്. നിര്‍ദ്ദിഷ്ട വ്യവസ്ഥകള്‍ പാലിക്കുന്ന അപേക്ഷകര്‍ക്ക് അവരുടെ ലൈസന്‍സ് ഡിജിറ്റലായി തന്നെ പുതുക്കി നല്‍കും.കുവൈറ്റിലെ പ്രവാസികള്‍ക്ക് 'കുവൈറ്റ് മൊബൈല്‍ ഐഡി' ആപ്ലിക്കേഷന്‍ ഉപയോഗിച്ച് അവരുടെ ഡ്രൈവിങ് ലൈസന്‍സുകളുടെ സാധുത പരിശോധിക്കാമെന്നും മന്ത്രാലയം അറിയിച്ചു. ലൈസന്‍സിന് നേരെ പച്ച അടയാളമാണ് ഉള്ളതെങ്കില്‍ അത് സാധുവാണെന്നാണ് അര്‍ഥമാക്കുന്നത്. അതേസമയം, ചുവപ്പ് അടയാളമാണ് ഉള്ളതെങ്കില്‍ ലൈസന്‍സ് കാലഹരണപ്പെട്ടെന്ന് വ്യക്തമാക്കുന്നു. കാലഹരണപ്പെട്ട ലൈസന്‍സ് ഉപയോഗിച്ച് വാഹനമോടിക്കുന്നത് ലൈസന്‍സ് റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള നിയമ നടപടികള്‍ ക്ഷണിച്ചുവരുത്തുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. സര്‍ക്കാര്‍ സേവനങ്ങളുടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുക, അവയുടെ നടപടിക്രമങ്ങള്‍ ലളിതമാക്കുക, പേപ്പര്‍ ഉപയോഗം പരമാവധി കുറയ്ക്കുക, പൊതുഫണ്ട് ലാഭിക്കുക തുടങ്ങിയ ലക്ഷ്യത്തോടെയാണ് ഡിജിറ്റല്‍ ലൈസന്‍സ് നടപ്പിലാക്കുന്നതെന്നും മന്ത്രാലയം അറിയിച്ചു.

Previous Post Next Post