എന്നെ വ്യക്തിപരമായി അപമാനിച്ചോളൂ, പക്ഷെ എന്റെ പദവിയെ അവഹേളിക്കുന്നത് ക്ഷമിക്കാനാകില്ല; പരിഹസിച്ച പ്രതിപക്ഷ എംപിമാരോട് ഉപരാഷ്ട്രപതി



ന്യൂഡൽഹി ; തന്നെ അനുകരിച്ച് അവഹേളിക്കാൻ ശ്രമിച്ച പ്രതിപക്ഷ എംപിമാർക്കെതിരെ തുറന്നടിച്ച് ഉപരാഷ്ട്രപതിയും രാജ്യസഭാ ചെയർമാനുമായ ജഗദീപ് ധൻഖർ. എന്നെ വ്യക്തിപരമായി അവഹേളിച്ചോളൂ, പക്ഷെ ഞാനിരിക്കുന്ന പദവിയെയും എന്റെ സമൂഹത്തെയും അവഹേളിക്കുന്നത് പൊറുക്കാനാകില്ലെന്ന് ജഗ്ദീപ് ധൻഖർ പറഞ്ഞു.

തൃണമൂൽ എംപി കല്യാൺ ബാനർജിയാണ് രാജ്യസഭാ ചെയർമാൻ കൂടിയായ ജഗ്ദീപ് ധൻഖറെ അവഹേളിച്ചത്. രാജ്യസഭയിൽ ബഹളമുണ്ടാക്കിയ പ്രതിപക്ഷ എംപിമാരെ സസ്‌പെൻഡ് ചെയ്തതിനെച്ചൊല്ലി പുറത്ത് നടത്തിയ പ്രതിഷേധത്തിനിടെയായിരുന്നു സംഭവം. നിങ്ങൾ ജഗ്ദീപ് ധൻഖറിനെ എത്രവേണമെങ്കിലും അവഹേളിച്ചോളൂ. ഞാൻ അത് ഗൗനിക്കുന്നില്ല, പക്ഷെ ആ പദവിയെയും ഞാൻ പ്രതിനിധാനം ചെയ്യുന്ന കർഷക സമൂഹത്തെയും അവഹേളിക്കുന്നത് ക്ഷമിക്കാനാകില്ല. അദ്ദേഹം പറഞ്ഞു.

സഭയുടെ അന്തസ്സും തന്റെ പദവിയുടെ അന്തസും കാത്തുസൂക്ഷിക്കേണ്ടത് തന്റെ കടമയാണെന്നും ഉപരാഷ്ട്രപതി കൂട്ടിച്ചേർത്തു. ഉപരാഷ്ട്രപതിയെ അവഹേളിച്ച സംഭവം സമൂഹമാദ്ധ്യമങ്ങളിലടക്കം വലിയ ചർച്ചയായതിന് പിന്നാലെയാണ് ജഗ്ദീപ് ധൻഖറിന്റെ പ്രതികരണം. സംഭവം തന്നിൽ വേദനയുണ്ടാക്കിയെന്ന് ജഗ്ദീപ് ധൻഖർ നേരത്തെ പ്രതികരിച്ചിരുന്നു. കല്യാൺ ബാനർജി രാജ്യസഭാ ചെയർമാനെ അനുകരിക്കുമ്പോൾ രാഹുൽ ഗാന്ധി വീഡിയോ പകർത്തിയതും വലിയ വിമർശനത്തിനിടയാക്കിയിരുന്നു.

വിഷയത്തിൽ ബിജെപി ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. നേരത്തെ രാഷ്ട്രപതി ദ്രൗപതി മുർമുവിനെ പോലും അവഹേളിച്ച ചരിത്രമാണ് കോൺഗ്രസിനുളളതെന്ന് പാർലമെന്ററികാര്യമന്ത്രി പ്രൾഹാദ് ജോഷി പറഞ്ഞിരുന്നു. പ്രധാനമന്ത്രി നേരിട്ട് ജഗ്ദീപ് ധൻകറിനെ വിളിച്ച് ഇതേക്കുറിച്ച് അന്വേഷിക്കുകയും അദ്ദേഹത്തെ ആശ്വസിപ്പിക്കുകയും ചെയ്തിരുന്നു.
Previous Post Next Post