പ്രതിസന്ധി ഒഴിഞ്ഞു, തൃശൂർ പൂരം ഭം​ഗിയായി നടക്കും; മുൻ വർഷത്തെ തറവാടക നൽകിയാൽ മതിയെന്ന് സർക്കാർ



 തൃശൂർ: മുഖ്യമന്ത്രി പിണറായി വിജയൻ്റെ അധ്യക്ഷതയിൽ നടന്ന പാറമേക്കാവ്, തിരുവമ്പാടി, കൊച്ചിൻ ദേവസ്വങ്ങളുടെ യോഗത്തിൽ തൃശൂർ പൂരം പ്രതിസന്ധിക്ക് പരിഹാരം. എക്സിബിഷൻ ഗ്രൗണ്ടിന് കഴിഞ്ഞ വ‍ർഷം ഈടാക്കിയ തറവാടക നൽകിയാൽ മതിയെന്ന് സ‍ർക്കാർ നിർദേശിച്ചു. സ‍ർക്കാർ നിർദേശം ദേവസ്വങ്ങൾ അംഗീകരിച്ചതോടെ പൂരം പ്രതിസന്ധിക്ക് പരിഹാരമായി. കഴിഞ്ഞ വർഷം 42 ലക്ഷം രൂപയാണ് തറവാടകയായി ഈടാക്കിയിരുന്നത്.പാറമേക്കാവ്, തിരുവമ്പാടി, ദേവസ്വങ്ങളോട് അഭിപ്രായം ആരാഞ്ഞ മുഖ്യമന്ത്രി കൊച്ചിൻ ദേവസ്വം ബോർഡിൻ്റെ വാദവും കേട്ട ശേഷമാണ് മുൻവ‍ർഷത്തെ തറവാടക നൽകിയാൽ മതിയെന്ന നിർദേശം മുന്നോട്ടുവെച്ചത്. കഴിഞ്ഞ വർഷത്തെ തറവാടകയായ 42 ലക്ഷം രൂപതന്നെ ഇത്തവണയും നൽകുക, പൂരം ഭംഗിയായി നടന്ന ശേഷം തുട‍ർ ചർച്ചകൾ ഉണ്ടാകാമെന്ന മുഖ്യമന്ത്രിയുടെ നി‍ർദേശം ദേവസ്വങ്ങൾ അംഗീകരിച്ചതോടെയാണ് പ്രതിസന്ധിക്ക് പരിഹാരം ഉണ്ടായത്.


രാജ്യത്തെ തന്നെ പ്രധാന ശ്രദ്ധാകേന്ദ്രമായ തൃശൂർ പൂരം ഭംഗിയായി നടക്കുക നാടിൻ്റെ ആവശ്യമാണ്. ലോകത്തിൻ്റെ പല ഭാഗങ്ങളിലും ഐക്കൺ ആണ് തൃശൂർ പൂരം. ഇതിൽ വിവാദം പാടില്ലെന്നും മുഖ്യമന്ത്രി യോഗത്തിൽ പറഞ്ഞു. പാറമേക്കാവ്, തിരുവമ്പാടി, കൊച്ചിൻ ദേവസ്വം ഭാരവാഹികളും ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ, മന്ത്രിമാരായ കെ രാജൻ, ആർ ബിന്ദു, ടിഎൻ പ്രതാപൻ എംപി, പി ബാലചന്ദ്രൻ എംഎൽഎ തുടങ്ങിയവ‍ർ യോഗത്തിൽ പങ്കെടുത്തു.
എക്‌സിബിഷൻ ഗ്രൗണ്ടിനുള്ള തറവാടക കൊച്ചിൻ ദേവസ്വം ബോർഡ് കൂട്ടിയതാണ് പൂരം പ്രതിസന്ധിയിലാക്കിയത്. പൂരം പ്രദർശനത്തിന് തേക്കിൻകാട് മൈതാനിയിൽ സ്ഥലം അനുവദിക്കുന്നതിന് രണ്ടു കോടി 20 ലക്ഷം രൂപയാണ് കൊച്ചിൻ ദേവസ്വം ബോർഡ് ആവശ്യപ്പെട്ടത്. തറവാടക കൂട്ടിയാൽ പൂരം ചടങ്ങ് മാത്രമാക്കേണ്ടി വരുമെന്ന് പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങൾ വ്യക്തമാക്കിയിരുന്നു. വിഷയത്തിൽ മുഖ്യമന്ത്രിയുടെയും സർക്കാരിൻ്റെയും ഇടപെടൽ തേടി ഇരു ദേവസ്വങ്ങളും സംയുക്ത പ്രമേയവും അവതരിപ്പിച്ചിരുന്നു.ഇരും ദേവസ്വങ്ങൾക്കും ഐക്യദാ‍ർഢ്യവുമായി കോൺഗ്രസും ബിജെപിയും രംഗത്തെത്തിയിരുന്നു. ബുധനാഴ്ച തൃശൂരിലെത്തുന്ന പ്രധാനമന്ത്രിക്കു മുൻപിൽ വിഷയം അവതരിപ്പിക്കാനും പാറമേക്കാവ് ദേവസ്വം പദ്ധതിയിട്ടിരുന്നു. എക്സിബിഷൻ ഗ്രൗണ്ടിൻ്റെ തറവാടകയെചൊല്ലിയുള്ള ത‍ർക്കം രാഷ്ട്രീയപ്രശ്നമായി മാറുമെന്ന് തിരിച്ചറിഞ്ഞാണ് സ‍ർക്കാർ വിഷയത്തിൽ അടിയന്തരമായി ഇടപെട്ടതെന്നാണ് സൂചന.
Previous Post Next Post