മണിമലയിൽ അയൽവാസിയെ കൊലപ്പെടുത്തിയ കേസിൽ മധ്യവയസ്കൻ അറസ്റ്റിൽ.



 മണിമല: അയൽവാസിയെ  കൊലപ്പെടുത്തിയ കേസിൽ മധ്യവയസ്കനെ പോലീസ് അറസ്റ്റ് ചെയ്തു. മണിമല പരത്തിപ്പാറ ഭാഗത്ത് കൊല്ലംപറമ്പിൽ വീട്ടിൽ കെ.സി ജെയിംസ് (62) എന്നയാളെയാണ് മണിമല പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ 24ആം തീയതി രാത്രി 8 മണിയോടുകൂടി തന്റെ അയൽവാസിയായ തടത്തേൽ വീട്ടിൽ രാജു എന്ന് വിളിക്കുന്ന രാജശേഖരൻ നായർ(60) എന്നയാളെ കമ്പിപാര ഉപയോഗിച്ച് ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഇരുവരും ചേർന്ന് 24ആം തീയതി രാത്രി ജെയിംസിന്റെ വീട്ടിൽ വച്ച് മദ്യപിക്കുകയും, തുടർന്ന് ഇരുവരും തമ്മിൽ വാക്കുതർക്കം ഉണ്ടാവുകയും ജെയിംസ് വീട്ടിലിരുന്ന കമ്പിപ്പാര കൊണ്ട്  രാജശേഖരൻ നായരുടെ തലയിൽ അടിക്കുകയും കുത്തുകയുമായിരുന്നു. ബഹളം കേട്ട് അയൽവാസികൾ മണിമല പോലീസിൽ വിവരം അറിയിക്കുകയും  പോലീസ് സ്ഥലത്തെത്തി   ഗുരുതരമായി പരിക്കേറ്റ രാജശേഖരൻ നായരെ ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും ഇയാൾ മരണപ്പെടുകയായിരുന്നു. തുടർന്ന് ജെയിംസിനെതിരെ കൊലപാതകകുറ്റത്തിന് കേസ് രജിസ്റ്റർ ചെയ്യുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. മണിമല സ്റ്റേഷൻ എസ്.എച്ച്.ഓ ജയപ്രകാശ്, എസ്.ഐ മാരായ സന്തോഷ് കുമാർ, വിജയകുമാർ, സുനിൽ പി. പി, എ.എസ്.ഐ ശ്രീകല, സിന്ധുമോൾ, സി.പി.ഓ സാജുദ്ദീൻ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
Previous Post Next Post