കൊച്ചി: ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് ഇതുവരെ ഉണ്ടാകാത്ത സംഭവങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നതെന്ന് പ്രതിപക്ഷനേതാവ് വി. ഡി സതീശൻ. മറ്റു സംസ്ഥാനങ്ങളില്‍ നിന്നും എത്തുന്നവര്‍ ഉള്‍പ്പെടെയുള്ള അയ്യപ്പ ഭക്തര്‍ പന്തളത്ത് യാത്ര അവസാനിപ്പിക്കുന്ന സ്ഥിതിയാണ്. 20 മണിക്കൂറോളമാണ് ഭക്തര്‍ കാത്തുനില്‍ക്കുന്നത്. സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനും ഒരു ഉത്തരവാദിത്തവുമില്ല. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തുന്ന തീര്‍ത്ഥാടകര്‍ക്ക് അയ്യപ്പ ദര്‍ശനം ഉറപ്പ് വരുത്തേണ്ട ചുമതലയുള്ള സര്‍ക്കാരും ദേവസ്വവും ഉത്തരവാദിത്തം നിറവേറ്റാന്‍ തയാറാകുന്നില്ലെന്ന് വി ഡി സതീശൻ കുറ്റപ്പെടുത്തി. മുന്‍ സര്‍ക്കാരുകളുടെ ഭാഗത്ത് ഭംഗിയായി നടന്നിരുന്ന ശബരിമല തീര്‍ത്ഥാടനമാണ് ഇത്തവണ താറുമാറായതെന്ന് പ്രതിപക്ഷനേതാവ് പറയുന്നു. യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടി പമ്പയിലെത്തി അവലോകന യോഗം നടത്തി ഏഴ് വകുപ്പുകളെ ഏകോപിപ്പിച്ചു. എല്ലാക്കാലത്തും തിരക്ക് ഉണ്ടായിട്ടുണ്ടെങ്കിലും അന്നൊക്കെ ഫലപ്രദമായി നിയന്ത്രിച്ചിട്ടുണ്ട്. ഇപ്പോള്‍ ദേവസ്വം പൊലീസിനെ കുറ്റപ്പെടുത്തുകയാണ്. പരിചയസമ്പന്നരായ പൊലീസുകാരില്ലെന്നാണ് ദേവസ്വം ബോര്‍ഡ് പറയുന്നത്. ദേവസ്വം ബോര്‍ഡ് ആവശ്യമായ കാര്യങ്ങളൊന്നും ചെയ്യുന്നില്ല. അവധി ദിവസങ്ങളില്‍ സ്ത്രീകളും കുഞ്ഞുങ്ങളും ശബരിമയില്‍ പോകരുതെന്ന വിചിത്രമായ പ്രസ്താവനയാണ് ദേവസ്വം പ്രസിഡന്റ് നടത്തിയത്. ദേവസ്വം മന്ത്രി പോലും സ്ഥലത്തില്ല. മന്ത്രി 44 ദിവസത്തെ ടൂറിന് പോയിരിക്കുകയാണ്. ഉത്തരവാദിത്തത്തില്‍ നിന്നും മുഖ്യമന്ത്രിയും മന്ത്രിമാരും മാറി നില്‍ക്കുകയാണെന്ന് പ്രതിപക്ഷനേതാവ് പറഞ്ഞു. ശബരിമലയില്‍ പ്രശ്‌നങ്ങളുണ്ടായി അഞ്ചാം ദിവസമാണ് ഓണ്‍ലൈന്‍ യോഗം നടത്തിയത്. ഓണ്‍ലൈന്‍ യോഗത്തിന് എന്ത് പ്രസക്തിയാണുള്ളതെന്ന് വി ഡി സതീശൻ ചോദിച്ചു. ആര്‍ക്കും ഉത്തരവാദിത്തം ഇല്ലാത്ത സങ്കടകരമായ അവസ്ഥയാണ് നിലനില്‍ക്കുന്നത്. ശബരിമല സമര കാലത്ത് പ്രത്യേക താല്‍പര്യമെടുത്ത് കൊണ്ടു വന്നവര്‍ക്ക് ദര്‍ശനം നടത്താന്‍ സര്‍ക്കാരും പൊലീസും സ്വീകരിച്ച ശ്രമത്തിന്റെ നൂറിലൊന്നു ശ്രമം നടത്തിയിരുന്നെങ്കില്‍ പ്രശ്‌നങ്ങളെല്ലാം പരിഹരിക്കാമായിരുന്നു. നിലയ്ക്കല്‍ നിന്നും പമ്പയിലേക്ക് അപകടകരമായ രീതിയിലാണ് ബസ് സര്‍വീസ് നടത്തുന്നത്. ശബരിമല തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനം ഒരുക്കിക്കൊടുക്കുന്നതില്‍ സര്‍ക്കാര്‍ ദയനീയമായി പരാജയപ്പെട്ടു. ഉത്തരവാദിത്തത്തില്‍ നിന്നും എല്ലാവരും കൈകഴുകുകയാണ്. സര്‍ക്കാര്‍ പരാജയപ്പെടുന്ന കാഴ്ചയാണ് ശബരിമലയില്‍ കാണുന്നതെന്ന് പ്രതിപക്ഷനേതാവ് പറഞ്ഞു. കോടതി ഇടപെട്ട് അനങ്ങാതിരിക്കുന്ന സര്‍ക്കാരിനെയും ദേവസ്വത്തെയും കുത്തിയിളക്കി എന്തെങ്കിലും ചെയ്യുമെന്ന പ്രതീക്ഷ മാത്രമാണുള്ളതെന്ന് വി ഡി സതീശൻ പറഞ്ഞു. ശബരിമലയില്‍ നന്നും കിട്ടുന്ന വരുമാനം ഉപയോഗിച്ചാണ് 1200 ക്ഷേത്രങ്ങളിലെ ചെലവും ദേവസ്വം ജീവനക്കാരുടെ ശമ്പളവും നല്‍കുന്നത്. അവലോകന യോഗം നടത്തേണ്ട മന്ത്രിമാര്‍ ടൂര്‍ പോയിരിക്കുകയാണ്. ഓണ്‍ലൈന്‍ മീറ്റിങിന്റെ തീരുമാനമായാണ് ഭക്തര്‍ സ്വയം നിയന്ത്രിക്കണമെന്ന് ദേവസ്വം മന്ത്രി പറഞ്ഞത്. ഭക്തര്‍ തിരിച്ച് പോകണമെന്നാണോ മന്ത്രി പറയുന്നത്?
ശബരിമലയിലെ പ്രശ്‌നങ്ങളെ കുറിച്ച് പഠിക്കാന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള യു.ഡി.എഫ് സംഘം ഇന്ന് പമ്പയില്‍ എത്തിയിട്ടുണ്ട്. ശബരിമലയില്‍ എന്തൊക്കെ സൗകര്യങ്ങള്‍ ഒരുക്കണമെന്നത് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാരിന് നല്‍കും. യൂത്ത് കോണ്‍ഗ്രസ്- കെ.എസ്.യു പ്രവര്‍ത്തകര്‍ റോഡരുകില്‍ നിന്ന് കരിങ്കൊടി കാണിച്ചാല്‍ ആത്മഹത്യാ സ്‌ക്വാഡും തീവ്രവാദ പ്രവര്‍ത്തനവുമാകും. അവരെ കൈകാര്യം ചെയ്യണമെന്നും ജീവന്‍രക്ഷാ പ്രവര്‍ത്തനം നടത്തണമെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്. പക്ഷെ എസ്.എഫ്.ഐക്കാര്‍ പൊലീസ് ഒത്താശയില്‍ റോഡിന്റെ നടുവില്‍ നിന്നാണ് ഗവര്‍ണറുടെ വാഹനം തടത്തു നിര്‍ത്തി ആ വാഹനത്തില്‍ അടിക്കുന്നത്. എന്നിട്ടും എസ്.എഫ്.ഐക്ക് കൈ കൊടുക്കണമെന്നാണ് പൊതുമരാമത്ത് മന്ത്രി പറഞ്ഞത്.
കരിങ്കൊടി പ്രകടനം നടത്തുന്നത് ക്രിമിനല്‍ പ്രവര്‍ത്തനമാണെന്ന ഗവര്‍ണറുടെ അഭിപ്രായത്തോട് യോജിക്കാനാകില്ല. ഗവര്‍ണര്‍ക്ക് സുരക്ഷ ഒരുക്കേണ്ട ഉത്തരവാദിത്തം പൊലീസിനുണ്ട്. ഇന്റലിജന്‍സ് റിപ്പോര്‍ട്ട് എസ്.എഫ്.ഐക്ക് ചോര്‍ത്തിക്കൊടുത്തു. സുരക്ഷാ രഹസ്യങ്ങള്‍ ചോര്‍ത്തിക്കൊടുത്തവര്‍ക്കെതിരെ നടപടി എടുക്കാന്‍ പിണറായി വിജയന്‍ തയാറാകുമോ? തയാറാകില്ല. കാരണം അവര്‍ സ്വന്തക്കാരാണെന്ന് പ്രതിപക്ഷനേതാവ് പറഞ്ഞു. കരിങ്കൊടി കാട്ടുന്ന കെ.എസ്.യു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ചെടിച്ചട്ടിയും ഹെല്‍മറ്റും കമ്പിവടിയും ഉപയോഗിച്ച് തല്ലാന്‍ മുഖ്യമന്ത്രി ആഹ്വാനം ചെയ്തു. അതേസമയം ഗവര്‍ണറെ തടഞ്ഞ എസ്.എഫ്.ഐക്കാര്‍ക്ക് കൈ കൊടുക്കാന്‍ പറയുന്നത് എന്തൊരു വിരോധാഭാസമാണ്. കാവിവത്ക്കരണത്തിനെതിരെയാണ് എസ്.എഫ്.ഐ പോരാടുന്നതെന്നാണ് പറയുന്നത്. രാജ്ഭവനില്‍ ഇരുന്ന് ഗവര്‍ണര്‍ക്ക് സംഘപരിവാര്‍ ആളുകളെ പരിചയപ്പെടുത്തിക്കൊടുക്കുന്ന ഉദ്യോഗസ്ഥനെ നിയമിച്ചു നല്‍കിയത് മുഖ്യമന്ത്രി പിണറായി വിജയനല്ലേ? ഗവര്‍ണറുടെ സ്റ്റാഫിലുള്ള സംഘപരിവാര്‍ നേതാവ് നല്‍കിയ പട്ടികയില്‍ ഉള്‍പ്പെട്ടവരെയാണ് ഗവര്‍ണര്‍ നിയമിച്ചത്. നിയമവിരുദ്ധമായ കാര്യങ്ങള്‍ ഗവര്‍ണറെക്കൊണ്ട് ചെയ്യിക്കാന്‍ വേണ്ടിയാണ് സംഘപരിവാര്‍ നേതാവിനെ പിണറായി വിജയന്‍ സ്റ്റാഫായി നിയമിച്ചുകൊടുത്തത്. കാവിവത്ക്കരണത്തെ കുറിച്ച് പുരപ്പുറത്ത് കയറി പ്രസംഗിക്കുന്നവര്‍ തന്നെയാണ് കാവിവത്ക്കരണത്തിന് സൗകര്യം ചെയ്തു കൊടുത്തത്. ഇല്ലാത്ത കാര്യത്തിന് യൂത്ത് കോണ്‍ഗ്രസുകാരെയും കെ.എസ്.യുക്കാരെയും തല്ലിച്ചതയ്ക്കാന്‍ ഉത്തരവിട്ട മുഖ്യമന്ത്രി സ്വന്തക്കാരെ സംരക്ഷിക്കുകയാണ്. ഗവര്‍ണറുടെ വാഹനത്തിന് മുന്നില്‍ എസ്.എഫ്.ഐക്കാര്‍ ചാടിയപ്പോള്‍ രക്ഷാപ്രവര്‍ത്തനം നടത്താന്‍ പൊലീസുകാരെയോ സി.പി.എം ക്രിമിനലുകളെയോ കണ്ടില്ലല്ലോയെന്ന് വി ഡി സതീശൻ പരിഹസിച്ചു. സുരക്ഷാ ഉദ്യോഗസ്ഥര്‍ മംഗളം ഫോട്ടോഗ്രാഫറുടെ കഴുത്തിന് ഞെക്കുന്നത് കണ്ടിട്ടും കൊലച്ചിരിയോടെയാണ് മുഖ്യമന്ത്രി പോയത്. വഴിയില്‍ നില്‍ക്കുന്നവരെയൊക്കെ തല്ലുകയാണ്. തന്റെ നേതാക്കളെ കാണാന്‍ മറൈന്‍ ഡ്രൈവില്‍ എത്തിയ ഡി.വൈ.എഫ്.ഐക്കാരനെ ചവിട്ടിക്കൂട്ടി. ആരെയും കിട്ടിയില്ലെങ്കില്‍ കൂടെ നില്‍ക്കുന്നവരെയും ചവിട്ടിക്കൂട്ടുന്ന ക്രിമിനലുകളെയാണ് മുഖ്യമന്ത്രി വളര്‍ത്തുന്നത്. കേരളം ഗ്യാങ്സ്റ്റര്‍ സ്റ്റേറ്റായി മാറി. ബംഗാളില്‍ അവസാനത്തെ രണ്ട് മൂന്ന് കൊല്ലം സംഭവിച്ചതും ഇതുതന്നെയാണ്. ചരിത്രത്തിന്റെ തനിയാവര്‍ത്തനമാണ് കേരളത്തിലും നടക്കുന്നത്. അവസാനത്തെ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയാകാനുള്ള പോക്കിലാണ് പിണറായി വിജയനെന്നും വി ഡി സതീശൻ പറഞ്ഞു.