കോഴിക്കോട്: ഓർക്കാട്ടേരിയിൽ യുവതി ആത്മഹത്യ ചെയ്‌ത സംഭവത്തിൽ ഭർത്താവിന്റെ അമ്മാവൻ ഹനീഫ് കസ്റ്റഡിയിൽ.
തിങ്കളാഴ്‌ച രാത്രിയാണ് കുന്നുമ്മക്കര തണ്ടാർകണ്ടി ഹബീബിന്റെ ഭാര്യ ഷെബിന മരിച്ചത്. ഷെബിനയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
ഷെബിനയെ ഹനീഫ് മർദ്ദിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തു വന്നതിനു പിന്നാലെയാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. ഇന്നലെ വൈകീട്ടാണ് ഇയാൾ പിടിയിലായത്. ഹനീഫിനെ താലൂക്ക് ആശുപത്രിയിൽ എത്തിച്ച് വൈദ്യ പരിശോധന നടത്തി. പൊലീസ് ചോദ്യം ചെയ്തു വരുന്നു.
സംഭവത്തിൽ ബന്ധുക്കളുടെ പരാതിയിൽ എടച്ചേരി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു അന്വേഷണം നടത്തുകയാണ്. അന്വേഷണം ഊർജിതമാക്കിയതിനു പിന്നാലെയാണ് അമ്മാവൻ കസ്റ്റഡിയിലായത്.
ഭർതൃ വീട്ടുകാരുടെ പീഡനമാണ് മരണത്തിനു പിന്നിലെന്നു ഷെബിനയുടെ ബന്ധുക്കൾ ആരോപിച്ചിരുന്നു.
വിദേശത്തു നിന്ന് ഭർത്താവ് എത്തുന്നതിന് തലേ ദിവസമാണ് ഷെബിന മാതാവിനൊപ്പം ഭർതൃവീട്ടിലെത്തിയത്. ഭർത്താവിന്റെ കുടുംബം യുവതിയെ മാനസികമായും ശാരീരികമായും നിരന്തരം പീഡിപ്പിച്ചിരുന്നതായി ബന്ധുക്കൾ പറഞ്ഞു. ഷെബിനയെ രക്ഷിക്കാൻ സമയം ഉണ്ടായിട്ടും ഭർതൃവീട്ടുകാർ അത് ചെയ്തില്ലെന്നും കുടുംബം ആരോപിച്ചു.
ഷെബിനയുടെ മരണം ഉറപ്പാക്കിയതിന് ശേഷമാണ് ബന്ധുക്കളെ അറിയിച്ചത്. വിവാഹത്തിന് നൽകിയ 120 പവൻ സ്വർണം ഭർതൃവീട്ടുകാർ സ്വന്തമാക്കിയെന്നും കുടുംബം നൽകിയ പരാതിയിൽ പറയുന്നു. സംഭവത്തിൽ എടച്ചേരി പൊലിസ് അന്വേഷണം തുടങ്ങി.