കോഴിക്കോട്: ക്രിസ്മസും ന്യൂഇയറും ആഘോഷിക്കാന്‍ ആനവണ്ടിയില്‍ ഉല്ലാസയാത്ര പോയാലോ...? കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസം സെല്ലിന്‍റെ ക്രിസ്മസ് - പുതുവത്സര ടൂര്‍ പാക്കേജുകള്‍ പ്രഖ്യാപിച്ചു. കുമളി, തേനി മുന്തിരിതോട്ടം, രാമക്കല്‍മേട്, വാഗമണ്‍ എന്നീ സ്ഥലങ്ങളിലേക്കുള്ള യാത്ര ഡിസംബര്‍ 22 ന് രാത്രി എട്ട് മണിക്ക് കോഴിക്കോട് യൂണിറ്റില്‍നിന്ന് പുറപ്പെടും. ഡിസംബര്‍ 25 ന് രാവിലെ അഞ്ച് മണിക്ക് കോഴിക്കോട് തിരിച്ചെത്തും. പ്രഭാത ഭക്ഷണം (മൂന്നു തരം), ഉച്ചഭക്ഷണം, താമസസൗകര്യം (ഫാമിലി റൂം ) എന്നിവ ഉള്‍പ്പെടെയുള്ള പാക്കേജില്‍ ഒരാള്‍ക്ക് 4430 രൂപയാണ് ചാര്‍ജ്ജ്.പുതുവത്സരാഘോഷത്തിന്‍റെ ഭാഗമായി ഡിസംബര്‍ 31ന് വയനാട് യാത്രയാണ് ഒരുക്കിയിട്ടുള്ളത്. ഡിസംബര്‍ 31 ന് രാവിലെ ആറുമണിക്ക് കോഴിക്കോട് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍നിന്ന് യാത്ര പുറപ്പെടും.
എന്‍ ഊര്, സൂചിപ്പാറ വെള്ളചാട്ടം, തൊള്ളായിരംകണ്ടി എന്നീ സ്ഥലങ്ങള്‍ക്ക് ശേഷം കല്‍പ്പറ്റയില്‍ താമസിക്കും. രണ്ടാം ദിനത്തില്‍ ജൈനമത ക്ഷേത്രം, കുറുവാ ദ്വീപ്, ബാണാസുര സാഗര്‍ ഡാം എന്നിവ സന്ദര്‍ശിച്ചശേഷം ജനുവരി ഒന്നിന് രാത്രി 10 മണിക്ക് തിരിച്ചെത്തും.യാത്രയുടെ ആദ്യദിവസം വെല്‍ക്കം ഡ്രിങ്ക്, ഡിന്നര്‍ എന്നിവയും രണ്ടാം ദിനത്തില്‍ പ്രഭാത ഭക്ഷണം, ചായ എന്നിവയും നല്‍കും. പാക്കേജിന് ഒരാള്‍ക്ക് 3100 രൂപയാണ് ചാര്‍ജ്ജ്. വിശദവിവരങ്ങള്‍ക്കും അന്വേഷണങ്ങള്‍ക്കും 9544477954, 9961761708 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാമെന്ന് അധികൃതര്‍ അറിയിച്ചു. കെഎസ്ആര്‍ടിസിയുടെ ബജറ്റ് ടൂറിസം യാത്രകള്‍ മൂന്നാംവര്‍ഷത്തിലേക്ക് കടക്കുകയാണ്. 2021 ഡിസംബര്‍ 22ന് വയനാട്ടിലേക്കായിരുന്നു കോഴിക്കോട് നിന്നുള്ള ആദ്യ ഉല്ലാസയാത്ര.