ആലപ്പുഴ: അശ്ലീല ദൃശ്യങ്ങൾ അയച്ചെന്ന പരാതിയുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻറ് അരിത ബാബു. വിദേശ നമ്പറിൽ നിന്നാണ് അശ്ലീല ദൃശ്യങ്ങൾ വന്നത്. സംഭവത്തിൽ കായംകുളം ഡിവൈഎസ്പി ഓഫീസിൽ നേരിട്ട് എത്തി പരാതി നൽകുകയായിരുന്നു.
പ്രവാസിയായ മലപ്പുറം അമരമ്പലം സ്വദേശി ഷമീറാണ് അശ്ലീല ദൃശ്യങ്ങൾ അയച്ചത്. വിദേശ നമ്പരിൽ നിന്നും ആദ്യം വാട്സാപ്പിൽ തുടർച്ചയായി വീഡിയോ കോൾ വരുകയായിരുന്നു. പിന്നീട് അശ്ലീല ദൃശ്യങ്ങൾ അയച്ചു. സോഷ്യൽ മീഡിയയിലൂടെ കഴിഞ്ഞ ദിവസം അരിത തനിക്കുണ്ടായ മോശം അനുഭവം പങ്കുവച്ചിരുന്നു. വിഡിയോ സ്ക്രീൻഷോട്ട് ഉൾപ്പടെയാണ് പങ്കുവച്ചത്.
വിദേശത്തുള്ള സുഹൃത്തുക്കൾക്ക് നമ്പർ ഷെയർ ചെയ്തതിനെ തുടർന്ന് ഇയാൾ ഖത്തറിലാണെന്ന് കണ്ടെത്തി. സുഹൃത്തുക്കൾ ഇയാളുമായി ബന്ധപ്പെടുകയും ചെയ്തു. സംഭവം ഗുരുതരമാണെന്ന് തിരിച്ചറിഞ്ഞതോടെ മാപ്പ് പറഞ്ഞ് തലയൂരാൻ ഇയാൾ ശ്രമിച്ചെങ്കിലും പരാതിയുമായി മുന്നോട്ട് പോകാനാണ് അരിതാ ബാബുവിന്റെ തീരുമാനം.