ഭോപ്പാല്‍: മധ്യപ്രദേശില്‍ മോഹന്‍ യാദവ് മുഖ്യമന്ത്രിയാകും. ഇന്നു ചേര്‍ന്ന ബിജെപി നിയമസഭാ കക്ഷി യോഗത്തിലാണ് തീരുമാനം. 58 കാരനായ ഇദ്ദേഹം ഉജ്ജയിനിയില്‍ നിന്നുള്ള പ്രബല ഒബിസി വിഭാഗം നേതാവാണ് മോഹന്‍യാദവ്.
ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടര്‍ ഉള്‍പ്പെടെ കേന്ദ്ര നിരീക്ഷകരുടെ സാന്നിധ്യത്തില്‍ ആയിരുന്നു എംഎല്‍എമാരുടെ യോഗം. ശിവരാജ് സിങ് ചൗഹാന്‍, നരേന്ദ്രതോമര്‍, കൈലാഷ് വിജയവാര്‍ഗിയ എന്നിവരുടെ പേര് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ന്നുവന്നെങ്കിലും അവസാനം മോഹന്‍ യാദവിനെ തീരുമാനിക്കുകയായിരുന്നു.
ജഗ്ദീവ് ദേവ്‌റയും രാജേന്ദ്ര ശുക്ലയും ഉപമുഖ്യമന്ത്രിമാരുാകും. നരേന്ദ്രസിങ് തോമര്‍ സ്പീക്കറാകും. എബിവിപിയിലൂടെ രാഷ്ട്രീയരംഗത്തെത്തിയ മോഹന്‍യാദവ് മൂന്ന് തവണ എംഎല്‍എ ആയിട്ടുണ്ട്. ശിവരാജ് സിങ് ചൗഹാന്‍ മന്ത്രിസഭയില്‍ വിദ്യാഭ്യാസമന്ത്രിയായിരുന്നു മോഹന്‍യാദവ്.
'ഞാന്‍ പാര്‍ട്ടിയുടെ ഒരു സാധാരണ പ്രവര്‍ത്തകന്‍ മാത്രമാണ്. സംസ്ഥാന നേതൃത്വത്തിനോടും കേന്ദ്ര നേതൃത്വത്തിനോടും എല്ലാവരോടും നന്ദി പറയുന്നു. നിങ്ങളുടെ സ്‌നേഹത്തോടും പിന്തുണയോടും കൂടി എന്റെ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റാന്‍ ശ്രമിക്കും.'- മോഹന്‍യാദവ് പറഞ്ഞു.
നവംബര്‍ 17ന് നടന്ന തെരഞ്ഞെടുപ്പില്‍ മധ്യപ്രദേശില്‍ 230 അംഗ നിയമസഭയില്‍ 163 സീറ്റുകള്‍ നേടിയാണ് ബിജെപി അധികാരം നിലനിര്‍ത്തിയത്. പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസിന് 66 സീറ്റുകള്‍ മാത്രമാണ് ലഭിച്ചത്.