ഉത്തർപ്രദേശിലെ അലീഗഢ് പൊലീസ് സ്റ്റേഷനിലാണ് സംഭവം. തലക്ക് വെടിയേറ്റ യുവതി ഗുരുതര പരിക്കുകളോടെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
വെടിയേൽക്കുന്നതിൻ്റെ സി.സി.ടി.വി ദൃശ്യം . യുവതി യുവാവിനൊപ്പം പാസ്പോർട്ട് വെരിഫിക്കേഷനുവേണ്ടിയാണ് അലീഗഢ് കൊത്വാലി നഗറിലെ ക്രൈം ആൻഡ് ക്രിമിനൽ ട്രാക്കിങ് നെറ്റ്‌വർക്ക് ഓഫിസിലെത്തിയത്. ഇരുവരും സ്റ്റേഷനുള്ളിൽ നിൽക്കുന്നതിനിടെ ഒരു പൊലീസുകാരൻ തോക്ക് എസ്.ഐ മനോജ് ശർമക്ക് കൈമാറുന്നത് വിഡിയോയിൽ കാണാനാകും. ഇതിനിടെ എസ്.ഐ തോക്ക് ലോഡ് ചെയ്യുന്നതിനിടെ വെടിയുതിർക്കുകയായിരുന്നു.
തൊട്ടു മുന്നിലുണ്ടായിരുന്ന യുവതിയുടെ തലയിലാണ് ബുള്ളറ്റ് പതിച്ചത്. ഉടൻ തന്നെ യുവതിയെ ജവഹർലാൽ നെഹ്റു മെഡിക്കൽ കോളജിൽ എത്തിച്ചു. മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരെല്ലാം ആശുപത്രിയിലെത്തി. സംഭവത്തിനു പിന്നാലെ എസ്.ഐ ശർമ ഓടിരക്ഷപ്പെട്ടു. എസ്.ഐയുടെ സസ്പെൻഷൻ ഉൾപ്പെടെ ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുമെന്നും വെടിയുതിർത്തതിന് പിന്നിലെ കാരണം അറിയില്ലെന്നും അലീഗഢ് പൊലീസ് മേധാവി കലാനിധി നെയ്ത്താനി പറഞ്ഞു.
________________________________