മുക്കം കടവ് പാലത്തിനടുത്തെ തട്ടുകയില്‍ നിന്ന് മുത്തേരി സ്വദേശി വിനായക് വാങ്ങി കുടിച്ച സോഡയിലാണ് ചത്ത എലിയെ കണ്ടെത്തിയത്. സോഡ അല്‍പം കുടിച്ച ശേഷമാണ് കുപ്പിയില്‍ എലിയുടെ ജഡം കണ്ടത്. പിന്നീട് ശാരീരിക അസ്വസ്ഥത തോന്നിയ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തയ്യില്‍ സോഡ എന്ന ബ്രാന്‍ഡില്‍ ഇറങ്ങുന്ന ജീരക സോഡയാണ് വിനായക് വാങ്ങിക്കഴിച്ചത്. രുചി വ്യത്യാസവും ദുര്‍ഗന്ധവും തോന്നിയപ്പോഴാണ് എലിയെ കാണുന്നത്. ദേഹാസ്വാസ്ഥ്യവും ഛര്‍ദിയും അനുഭവപ്പെട്ട യുവാവിനെ ഉടനെ ആശുപത്രിയിലെത്തിച്ചു. ആരോഗ്യനില തൃപ്തികരമാണ്.
ഭക്ഷ്യ സുരക്ഷാ വകുപ്പും ആരോഗ്യ വകുപ്പും നടത്തിയ സംയുക്ത പരിശോധനയില്‍ സോഡാ നിര്‍മാണ യൂണിറ്റ് പ്രവര്‍ത്തിച്ചത് വൃത്തിഹീനമായാണെന്ന് കണ്ടെത്തി. ഉദ്യോഗസ്ഥര്‍ സ്ഥാപനം അടപ്പിക്കുക്കുകയും ചെയ്തു. സോഡ നിറയ്ക്കുന്നതിന് മുമ്പ് എലി കുപ്പിക്കുള്ളില്‍ കടന്നുകൂടിയതാകാമെന്നാണ് ഉടമ അധികൃതര്‍ക്ക് നല്‍കിയ വിശദീകരണം.