രക്തസാമ്പിളോ വിരലടയാളമോ ശേഖരിച്ചില്ല, തെളിവുകള്‍ സൂക്ഷിക്കുന്നതിലും വീഴ്ച; വണ്ടിപ്പെരിയാര്‍ പീഡനക്കേസില്‍ അന്വേഷണസംഘത്തിനെതിരെ കോടതി

 



ഇടുക്കി വണ്ടിപ്പെരിയാറില്‍ ആറ് വയസുകാരിയെ പീഡിപ്പിച്ച് കൊന്ന കേസിലെ പ്രതി അര്‍ജുന്‍ കുറ്റക്കാരനല്ലെന്ന് വിധിച്ച കോടതി അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ ഉന്നയിച്ചത് രൂക്ഷവിമര്‍ശനം. ബലാത്സംഗം, കൊലപാതകം ഉള്‍പ്പെടെ പ്രതിക്കെതിരെ ചുമത്തിയ ഒരു വകുപ്പുകളും തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിയാത്തതാണ് പ്രതി കുറ്റക്കാരനല്ലെന്ന് വിധി പറയാന്‍ കാരണമായത്. കുറ്റകൃത്യത്തിന് തൊട്ടുപിന്നാലെ പ്രധാനപ്പെട്ട ചില പ്രാഥമിക തെളിവുകള്‍ ശേഖരിക്കാന്‍ പൊലീസിന് കഴിയാത്തത് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ വിമര്‍ശനം.രക്തസാമ്പിള്‍ ഉള്‍പ്പെടെ ശേഖരിച്ചിരുന്നില്ലെന്നും വിരലടയാളത്തിന്റെ സാമ്പിളുകള്‍ പരിശോധിച്ചില്ലെന്നും ശരീര സ്രവങ്ങള്‍ പരിശോധിച്ചില്ലെന്നും ഉള്‍പ്പെടെയുള്ള വീഴ്ചകള്‍ കോടതി അക്കമിട്ട് നിരത്തിയിട്ടുണ്ട്. കോടതി ചൂണ്ടിക്കാട്ടിയ പ്രധാന അപാകതകള്‍ പരിശോധിക്കാം.
  1. 6 വയസുകാരിയുടെ കൊലപാതകത്തില്‍ രക്ത സാമ്പിള്‍ ഉള്‍പ്പടെ പ്രധാനപ്പെട്ട തെളിവുകള്‍ ശേഖരിച്ചില്ല

കുട്ടി തൂങ്ങി നിന്നിരുന്ന സ്ഥലത്തു നിന്നുള്ള രക്തം, മലം, മൂത്രം എന്നിവ സുപ്രധാന ഘടകങ്ങളാണെങ്കിലും അന്വേഷണ രേഖകളില്‍ അത് ഇടം പിടിച്ചില്ല

  1. കുഞ്ഞ് കൊല്ലെപ്പട്ടിട്ട് രണ്ടാം ദിവസമാണ് അന്വേഷണ ഉദ്യോഗസ്ഥന്‍ സംഭവ സ്ഥലത്ത് എത്തിയത് . പ്രാഥമിക വിവരങ്ങള്‍ ശേഖരിക്കാന്‍ കഴിഞ്ഞില്ല

അന്വേഷണ ഉദ്യോഗസ്ഥന്‍ സംഭവം നടന്ന സ്ഥലം അടുത്ത ദിവസം ഉച്ചയ്ക്കു മാത്രമേ സന്ദര്‍ശിച്ചുള്ളു. പ്രാഥമിക തെളിവുകള്‍ ശേഖരിക്കുന്നതില്‍ പരാജയപ്പെട്ടു

  1. കൊലപാതകം നടന്ന മുറിയില്‍ നിന്ന് തെളിവുകള്‍ ശേഖരിച്ചതില്‍ അപാകത

വിരലടയാളം പോലും മുറിയില്‍ നിന്ന് ശേഖരിക്കാന്‍ കഴിഞ്ഞില്ല

കെട്ടാന്‍ ഉപയോഗിച്ച വസ്തുവെടുത്ത അലമാര അന്വേഷണ ഉദ്യോഗസ്ഥന്‍ പരിശോധിച്ചില്ല. അലമാരയില്‍ വസ്ത്രങ്ങളോ അവയിലെ വിരലടയാളങ്ങളോ പരിശോധിച്ചില്ല

  1. തെളിവുകള്‍ സീല്‍ ചെയ്ത് സൂക്ഷിച്ചില്ല

കൊലപാതകം നടന്ന റൂമിലെ തെളിവുകള്‍ അലക്ഷ്യമായി കൈകാര്യം ചെയ്തത് ഗുരുത വീഴ്ച

തെളിവുകള്‍ സീല്‍ ചെയ്യാതിരുന്നതിനാല്‍ അവ നശിപ്പിക്കാനോ മാറ്റം വരുത്താനോ ഇടയാക്കും

  1. വിരലടയാള വിദഗ്ധന്‍ എത്തിയില്ല

തെളിവ് ശേഖരണത്തില്‍ അടിമുടി അലംഭാവം, വിരലടയാളം ശേഖരിക്കാത്തതില്‍ അന്വേഷണ ഉദ്യോഗസ്ഥന്റേത് ദുര്‍ബല ന്യായം

സംഭവസ്ഥലത്തു നിന്നും അദൃശ്യമായ ചാന്‍സ് വിരലടയാളം ശേഖരിക്കുന്നതില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ വിരലടയാള വിദഗ്ധന്റെ സേവനം തേടിയില്ല. ചാന്‍സ് ഫിംഗര്‍പ്രിന്റുകള്‍ ലഭിക്കാന്‍ സാധ്യതയില്ലെന്ന് വിരലടയാള വിദഗ്ധന്‍ പറഞ്ഞുവെന്ന ന്യായമാണ് അന്വേഷണ ഉദ്യോഗസ്ഥന്‍ നിരത്തിയത്

  1. സാക്ഷിമൊഴികളില്‍ വൈരുധ്യം

പ്രോസിക്യൂഷന്‍ സാക്ഷിയുടെ മൊഴിയിലെ പൊരുത്തക്കേട് വിശദീകരിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ പരാജയപ്പെട്ടു.അന്വേഷണ ഉദ്യോഗസ്ഥന്റെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെട്ടു.

  1. അന്വേഷണ ഉദ്യോഗസ്ഥന്റെ വിശ്വാസ്യത സംശയകരം

പ്രതി കൃത്യത്തിനുശേഷം ചാടിയ ജനാല അടച്ച നിലയിലാണ് അന്വേഷണ ഉദ്യോഗസ്ഥന്‍ അടുത്ത ദിവസം കണ്ടത്. എന്നാല്‍ ജനാല ചെറുതായി തുറന്നിരുന്നുവെന്ന സാക്ഷി മൊഴി അതുമായി പൊരുത്തപ്പെടുന്നില്ല. അത് അന്വേഷണ ഉദ്യോഗസ്ഥന്റെ വിശ്വാസ്യതയെ ബാധിച്ചു.

Previous Post Next Post