വയനാട് : വനം വകുപ്പിന് പിടികൊടുക്കാതെ വയനാട് വാകേരിയിലെ നരഭോജി കടുവ.
ഇന്നലെ പകല്‍ പലയിടങ്ങളിലും കടുവയെ കണ്ടതായി ആളുകള്‍ പറയുന്നുണ്ട്. രാത്രി പശുവിനെ കൊന്ന വീട്ടിലെ ആട്ടിന്‍ കൂടിന് സമീപം കടുവയെത്തിയെങ്കിലും കെണിയില്‍ വീണില്ല.
ഇന്നലെ രാവിലെ കടുവയെ കണ്ടതായുള്ള വിവരം ലഭിക്കുന്നത് വാകേരിയില്‍ നിന്ന് അഞ്ച് കിലോമീറ്റര്‍ അകലെയുള്ള പാപ്ലശ്ശേരിയില്‍ നിന്നാണ്.
ഉച്ചതിരിഞ്ഞ് വട്ടത്താനിയിലെ വയലില്‍ പുല്ലരിഞ്ഞിരുന്ന വര്‍ഗീസും ഭാര്യയും കടുവയെ കണ്ടു ഭയന്നുവിറച്ചു.
ഡോക്ടര്‍ അജേഷ് മോഹന്‍ നേതൃത്വത്തിലുള്ള വനംവകുപ്പ് സംഘം മേഖലയില്‍ തിരച്ചില്‍ നടത്തിയെങ്കിലും കടുവയെ കണ്ടെത്താനായില്ല. പശുവിനെ കൊന്ന കല്ലൂര്‍ക്കുന്ന് വാകയില്‍ സന്തോഷിന്റെ വീട്ടില്‍ കെണി ഒരുക്കി കാത്തുനില്‍ക്കുകയായിരുന്നു അര്‍ദ്ധരാത്രിയിലും വനം വകുപ്പ് ഉദ്യോഗസ്ഥര്‍. കടുവ കൊന്ന പശുവിന്റെ ജഡം തന്നെയാണ് കൂട്ടിലിട്ടത്.
രാത്രിയില്‍ രണ്ടു തവണ പ്രദേശത്തേക്ക് കടുവയെത്തി. ആട്ടിന്‍കൂട്ടിന് സമീപമാണ് കടുവ വന്നത്. പുലര്‍ച്ച വരെ വനവകുപ്പ് ഉദ്യോഗസ്ഥര്‍ കാത്തു നിന്നിട്ടും കടുവ കൂട്ടില്‍ കയറിയില്ല. കടുവയ്ക്കായുള്ള തിരച്ചില്‍ രാവിലെ പുനരാരംഭിക്കും.