തിരുവനന്തപുരം: ഇരുപതിയെട്ടാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് തലസ്ഥാന നഗരിയിൽ തുടക്കമാവും. ഉദ്ഘാടന ചിത്രമായി സുഡാനിൽ നിന്നുള്ള ‘ഗുഡ്‌ബൈ ജൂലിയ’ എന്ന ചിത്രം തിരഞ്ഞെടുത്തു. നവാഗതനായ മുഹമ്മദ് കൊർദോഫാനിയാണ് ചിത്രം സവിധാനം ചെയ്തിരിക്കുന്നത്.
മികച്ച നടനും മികച്ച സഹനടനുമുള്ള മൂന്ന് ദേശീയ ചലച്ചിത്രപുരസ്‌കാരങ്ങൾ കരസ്ഥമാക്കിയ ഹിന്ദി നടൻ നാനാ പടേക്കർ ചടങ്ങിൽ മുഖ്യാതിഥിയാവും. കെനിയൻ സംവിധായിക വനൂരി കഹിയുവിനുള്ള സ്പിരിറ്റ് ഓഫ് സിനിമ അവാർഡ് മേയർ ആര്യാ രാജേന്ദ്രൻ സമ്മാനിക്കും. ഫെസ്റ്റിവൽ ക്യൂറേറ്റർ ഗോൾഡാ സെല്ലം 28ാമത് ഐ.എഫ്.എഫ്.കെയിലെ പാക്കേജുകൾ പരിചയപ്പെടുത്തി സംസാരിക്കും.
രാജ്യാന്തര മൽസര വിഭാഗം ജൂറി ചെയർപേഴ്സണും പോർച്ചുഗീസ് സംവിധായികയുമായ റീത്ത അസെവെദോ ഗോമസ്, ലാറ്റിനമേരിക്കൻ പാക്കേജ് ക്യുറേറ്റർ ഫെർണാണ്ടോ ബ്രണ്ണർ, സൗണ്ട് ഡിസൈനറും സംവിധായകനുമായ റസൂൽ പൂക്കുട്ടി, ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്, സംവിധായകൻ ശ്യാമപ്രസാദ്, കെ.എസ്.എഫ്.ഡി.സി ചെയർമാൻ ഷാജി എൻ. കരുൺ, സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധിബോർഡ് ചെയർമാൻ മധുപാൽ, സാംസ്‌കാരിക വകുപ്പ് സെക്രട്ടറി മിനി ആന്റണി ഐ.എ.എസ്, ഫിലിം ചേംബർ പ്രസിഡന്റ് ബി.ആർ.ജേക്കബ്, അക്കാദമി വൈസ് ചെയർമാൻ പ്രേംകുമാർ, സെക്രട്ടറി സി.അജോയ് തുടങ്ങിയവർ പങ്കെടുക്കും. ഫെസ്റ്റിവൽ കാറ്റലോഗ് വി.കെ. പ്രശാന്ത് എംഎൽഎ മധുപാലിന് നൽകിക്കൊണ്ട് പ്രകാശനം ചെയ്യും. ഡെയ്ലി ബുള്ളറ്റിൻ അഡ്വ. ഡി.സുരേഷ് കുമാർ ഷാജി എൻ. കരുണിന് നൽകി പ്രകാശനം ചെയ്യും. അക്കാദമി ജേണൽ ചലച്ചിത്രസമീക്ഷയുടെ ഫെസ്റ്റിവൽ പതിപ്പിന്റെ പ്രകാശനകർമ്മം റസൂൽ പൂക്കുട്ടി പ്രേംകുമാറിന് നൽകിക്കൊണ്ട് നിർവഹിക്കും
ഉദ്ഘാടന സമ്മേളനത്തിന് ശേഷം വൈകിട്ട് ആറു മണിക്ക് നിശാഗന്ധിയിൽ ആണ് ഗുഡ്‌ബൈ ജൂലിയയുടെ പ്രദർശനം.സുഡാനിൽ നിന്നും കാൻ ചലച്ചിത്രമേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ ചിത്രം കൂടിയാണ് ഗുഡ്‌ബൈ ജൂലിയ.