കൂടുതൽ പോലീസുകാരെ റോഡിലിറക്കി പെറ്റിപിരിവ് ഊർജിതമാക്കാനുള്ള നീക്കം പൊളിഞ്ഞു. ട്രാഫിക് പെറ്റിക്കേസുകൾ പിടിക്കാൻ നിലവിൽ എസ്ഐമാർക്ക് ഉള്ള അധികാരം ഗ്രേഡ് എസ്ഐമാർക്ക് കൂടി നൽകണമെന്ന ഡിജിപിയുടെ ആവശ്യം ആഭ്യന്തര വകുപ്പ് തള്ളി


ജോവാൻ മധുമല 

തിരുവനന്തപുരം : കൂടുതൽ പോലീസുകാരെ റോഡിലിറക്കി പെറ്റിപിരിവ് ഊർജിതമാക്കാനുള്ള നീക്കം പൊളിഞ്ഞു. ട്രാഫിക് പെറ്റിക്കേസുകൾ പിടിക്കാൻ നിലവിൽ എസ്ഐമാർക്ക് ഉള്ള അധികാരം ഗ്രേഡ് എസ്ഐമാർക്ക് കൂടി നൽകണമെന്ന ഡിജിപിയുടെ ആവശ്യം ആഭ്യന്തര വകുപ്പ് തള്ളി. പിഴ ഈടാക്കാൻ മാത്രമല്ല, വാഹനങ്ങളുടെ രേഖകൾ പരിശോധിക്കാനും ഗ്രേഡ് എസ്ഐമാർക്ക് അധികാരം ഉണ്ടാകില്ല.

1988ലെ കേന്ദ്ര മോട്ടോർ വാഹന നിയമത്തിലെ 200(1)വകുപ്പ് പ്രകാരം വാഹനങ്ങളുടെ രേഖകൾ പരിശോധിക്കാനും പിഴ ചുമത്താനും അത് ഈടാക്കാനും പോലീസിൽ സബ് ഇൻസ്‌പെക്ടർക്കും അതിനു മുകളിൽ റാങ്കുള്ള ഉദ്യോഗസ്ഥർക്കും മാത്രമാണ് അധികാരം. ഗ്രേഡ് എസ്ഐമാർക്ക് ചില കാര്യങ്ങളിൽ എസ്ഐമാരുടെ ചുമതലകൾ നൽകിയിട്ടുണ്ട്. അതിനാൽ ട്രാഫിക് കുറ്റങ്ങളുടെ കാര്യത്തിലും അത് അനുവദിക്കാം എന്നായിരുന്നു ഡിജിപിയുടെ ശുപാർശ. എന്നാൽ അതിന് വകുപ്പില്ല എന്നാണ് ഗതാഗത വകുപ്പിന്റെ അഭിപ്രായം കൂടി തേടിയ ശേഷം ആഭ്യന്തര വകുപ്പ് നൽകിയ മറുപടി. “പോലീസ് വകുപ്പിൽ എസ്ഐ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് റെഗുലർ എസ്ഐമാരെയാണ്. ചില സാഹചര്യങ്ങളിൽ ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്വങ്ങൾ ക്രമീകരിക്കുന്നതിന്റെ ഭാഗമായി ഗ്രേഡ് എസ്ഐമാർക്ക് എസ്ഐമാരുടെ ചുമതലകൾ നൽകുന്നു എന്ന് മാത്രമേയുള്ളൂ. അതിനർത്ഥം അവർ റഗുലർ എസ്ഐയുടെ പദവിക്ക് ഒപ്പമാണ് എന്നല്ല. അങ്ങനെ കണക്കാക്കാൻ കഴിയില്ല;” പോലീസ് മേധാവിക്കു നൽകിയ മറുപടിയിൽ ആഭ്യന്തരവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി വിശദീകരിക്കുന്നു.

ഗ്രേഡ് എസ്ഐമാരെക്കൂടി റോഡിലിറക്കി പെറ്റി പിരിക്കാൻ ഉള്ള പോലീസ് തലപ്പത്തെ ശ്രമമാണ് ഇതോടെ പൊളിഞ്ഞത്. ഗ്രേഡ് എസ്ഐമാരിൽ ഭൂരിപക്ഷവും യഥാർത്ഥത്തിൽ എഎസ്ഐമാരാണ്. എസ്ഐമാർ ഒപ്പിട്ടു നൽകിയിട്ടുള്ള ടി ആർ -5 രസീതുമായി ഇവരെ റോഡിലിറക്കി പെറ്റി പിരിക്കുന്ന രീതി ഇപ്പോൾ തന്നെയുണ്ട്. അത് ചോദ്യം ചെയ്യുമ്പോൾ തർക്കവും വഴക്കും പലപ്പോഴും ഉണ്ടാകാറുണ്ട്. മേലുദ്യോഗസ്ഥരുടെ നിർദേശപ്രകാരം റോഡിൽ ഇറങ്ങേണ്ടി വരുന്ന പോലീസുകാർ ഇങ്ങനെ നാട്ടുകാരുടെ മുന്നിൽ ആക്ഷേപപാത്രമാകുന്നതും പതിവാണ്. പെറ്റിക്കേസിന് ക്വോട്ട നിശ്ചയിച്ച് പോലീസുകാരുടെ തലയിൽ കെട്ടിവയ്ക്കുന്ന ബഹുഭൂരിപക്ഷം വരുന്ന എസ്പിമാരുടെ രീതിയും സാഹചര്യം വല്ലാതെ വഷളാക്കാറുണ്ട്. ചുരുക്കത്തിൽ ഇതെല്ലാം ഒഴിവാക്കി പെറ്റിപിരിവ് കൂടുതൽ സുഗമമാക്കാൻ ഉള്ള വഴിയാണ് ഡിജിപി തേടിയത്.
Previous Post Next Post