കോട്ടയം: - കേരളംകടുത്ത സാമ്പത്തിക പ്രതിസന്ധിയിലായതുകൊണ്ട്, സർക്കാർ ഭഷ്യവിതരണ സംവിധാനമായ സപ്ലൈകോവഴി മദ്യവിതരണം നടത്തുവാൻ ആലോചിക്കുന്നു. "അവശ്യസാധനങ്ങൾ ഏവർക്കും കയ്യെത്തും ദൂരത്ത് " എന്നതാണ് കേരളാ സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപ്പറേഷന്റെ മുദ്രാവാക്യം.
കേരളത്തെ സംബന്ധിച്ച് "മദ്യം" ഒരവശ്യസാധനമാണ് എന്ന് പിണറായി ഭരണത്തിലൂടെ വെളിവാക്കപ്പെട്ടിരിക്കുകയാണ്. കെ.എസ്.ആർ.ടി.സി നഷ്ടമായതിനാൽ നാളെകളിൽ ലഹരികടത്തിനും സർക്കാർ, കോർപറേഷൻ്റെ ബസ്സുകൾ ഉപയോഗിച്ചാൽ തെറ്റുപറയുവാൻ കഴിയില്ല. അത്രമാത്രം തകർന്നിരിക്കുകയാണ് നമ്പർ വൺ കേരളത്തിൻ്റെ സാമ്പദ്ഘടന.
കേരളത്തിലെ കൃഷിയും, വ്യവസായവും മുച്ചൂടും മുടിപ്പിച്ച് മലയാളികളെ മദ്യത്തിനും, ലോട്ടറിക്കും അടിമകളാക്കിയത് പിണറായി സർക്കാരാണ്.
പണ്ട് കേരളത്തിലെ ഏത് മുക്കിലുംമൂലയിലും കാണപ്പെടുന്ന ഡി.വൈ.എഫ്.ഐയുടെ ലഹരി വിരുദ്ധ പോസ്റ്ററുകൾ ഇന്ന് കാണാനില്ല. കെ.പി.എ.സി ലളിതയും, ഇന്നസെൻ്റും അഭിനയിച്ച " ലഹരിമുക്തകേരള "വും, കേരളത്തിലെ വിദ്യാർത്ഥി യുവജനങ്ങൾക്ക് വേണ്ടി പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത " നവകേരള മുന്നേറ്റ "മെന്ന ക്യാമ്പയിനും ഇന്ന് മൺമറഞ്ഞിരിക്കുന്നു.
നേതാക്കളിൽ പലരും ലഹരി കേസുകളിൽ പിടിക്കപ്പെടുന്നതാണ് നമ്മൾ കാണുന്നത്. ക്യാമ്പസുകൾ എംഡിഎംഎ പോലെയുള്ള ലഹരി കേന്ദ്രങ്ങളായിമാറി. ഇതൊന്നും പോരാഞ്ഞാണ് കേരളത്തിലെ ഏറ്റവും വലിയ ഭഷ്യവിതരണ ശൃംഖലയായ "സപ്ലൈകോ "വഴി മദ്യ വിതരണം നടത്തുവാൻ സർക്കാർ ആലോചിക്കുന്നത്.
കേരളത്തെ വെറും "പബ്ബു"കളാക്കുവാനുള്ള നീക്കം സാംസ്ക്കാരിക കേരളം മുളയിലെ നുള്ളണം. ഇപ്പോൾതന്നെ സ്ത്രീകൾക്കും, പെൺകുട്ടികൾക്കും പകലുപോലും തനിച്ച് യാത്ര ചെയ്യാൻ പറ്റാത്ത സാഹചര്യമുള്ള നമ്മുടെനാട്ടിൽ ഇനിയുമിനിയും മദ്യവിതരണ കേന്ദ്രങ്ങൾ തുടങ്ങുവാനുള്ള സംസ്ഥാന സർക്കാർ നീക്കം അപലപനീയമാണ്.
ഒരു തലമുറയെ ആകമാനം മദ്യാസക്തിയുള്ളവരാക്കിമാറ്റി അവരുടെ പണവും സ്വത്തും കൊള്ളയടിക്കുവാനുള്ള പിണറായി വിജയൻ്റെ നീക്കത്തിനെതിരെ പ്രതികരിക്കുവാൻ സ്ത്രീജനങ്ങൾ തയ്യാറാവണം.
ഈ വിഷയത്തിൽ മദ്യവർജ്ജനസമിതിയുടെ പിന്തുണയോടെ എക്കാലവും അധികാരത്തിലെത്തിയ കെ.എം.മാണിയുടെ പിൻതലമുറക്കാരൻ ജോസ് കെ മാണിയുടെ നിലപാടെന്താണ്.
ഇത്രയും സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സംസ്ഥാനത്ത് "നവകേരളാ സദസ്സി"ലൂടെ പൊടിപൊടിക്കുന്നത് കോടികളാണ്.ഈ വിഷയങ്ങളിലുള്ള കേരളാ കോൺഗ്രസ്സിൻ്റെ മൗനം, ജോസ് കെ മാണിയുടെ രാഷ്ട്രീയ അടിമത്വത്തിൻ്റെ സൂചനയാണ്.
മദ്യത്തിലൂടെ കോടികൾ കൊയ്യാമെന്ന പിണറായി വിജയൻ്റെ കണ്ടെത്തലാണ് നവകേരളായാത്രയിലൂടെ കേരളാമന്ത്രിസഭയ്ക്ക് ലഭിച്ച സന്ദേശം.