ജയറാമിന്റെയും പാര്‍വതിയുടെയും മകള്‍ മാളവികയും ഇനി യുകെ മലയാളിയാകും



 നടന്‍ ജയറാമിന്റെയും പാര്‍വ്വതിയുടെയും മകള്‍ മാളവികയുടെ വിവാഹനിശ്ചയ ചിത്രങ്ങളും വിശേഷങ്ങളും ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. നവനീത് ഗിരീഷ് എന്ന യുകെ മലയാളിയാണ് മാളവികയുടെ പ്രതിശ്രുത വരന്‍. യുകെയില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റായി ജോലി ചെയ്യുകയാണ്. നാട്ടില്‍ പാലക്കാട് നെന്മാറ കീഴേപ്പാട്ട് കുടുംബാംഗവും യു.എന്നിലെ മുന്‍ ഉദ്യോഗസ്ഥനുമായ ഗിരീഷ് മേനോന്റെയും വത്സയുടെയും മകനാണ് നവനീത്. 2024 മെയ് മൂന്നിന് ഗുരുവായൂര്‍ വച്ചാണ് വിവാഹം നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്നത്.

വ്യാഴാഴ്്ച കൂര്‍ഗ് ജില്ലയിലെ മടിക്കേരിയില്‍ വച്ചായിരുന്നു മാളവികയുടെ വിവാഹനിശ്ചയം. വിവാഹനിശ്ചയത്തിന് അനുജത്തിയെ കൈപിടിച്ചു വേദിയില്‍ എത്തിച്ചത് ചേട്ടന്‍ കാളിദാസാണ്. പൂക്കള്‍ കൊണ്ട് തോരണം തീര്‍ത്ത കുടയ്ക്ക് താഴെ മാളവികയെ ആനയിച്ചത് കാളിദാസിന്റെ പ്രതിശ്രുത വധു തരിണിയും ആണ്. ജയറാം തന്നെയാണ് മാളവികയുടെ വിവാഹനിശ്ചയ ചിത്രം പങ്കുവച്ച് നവ്‌നീതിനെ പരിചയപ്പെടുത്തിയത്. ''എന്റെ ചക്കിക്കുട്ടന്റെ വിവാഹനിശ്ചയം കഴിഞ്ഞു. ഇപ്പോള്‍ എനിക്ക് മറ്റൊരു മകന്‍ കൂടിയുണ്ട്. നവ് ഗിരീഷ്. രണ്ടുപേര്‍ക്കും ജീവിതകാലം മുഴുവന്‍ എല്ലാവിധ മംഗളങ്ങളും നേരുന്നു.'' എന്നാണ് ജയറാം കുറിച്ചത്.


വിവാഹനിശ്ചയ ചടങ്ങില്‍ ജയറാം പങ്കുവച്ച വാക്കുകള്‍ ഇങ്ങനെ: ''ഇത്തരത്തിലുള്ള ചടങ്ങുകള്‍ നമ്മള്‍ എത്രയോ ദിവസങ്ങളും മാസങ്ങളും മുന്‍പ് പ്ലാന്‍ ചെയ്യുന്നതാണ്. മനസ്സില്‍ ഒരു സ്വപ്നം പോലെ കൊണ്ട് നടക്കുന്നതാണ്. പ്രത്യേകിച്ച് ചക്കിയുടെ നിശ്ചയം എന്ന് പറയുന്നത് എന്റെയും അശ്വതിയുടെയും എത്രയോ വര്‍ഷത്തെ സ്വപ്നമാണ്. ചക്കിക്ക് അശ്വതിയും ഞാനും പറഞ്ഞു കൊടുക്കുന്നത് സിന്‍ഡ്രല്ലയുടെ കഥയാണ്. ഒരിക്കല്‍ ചക്കിക്ക് ഒരു രാജകുമാരന്‍ വരും. ഭയങ്കര സുന്ദരനായ ഒരു രാജകുമാരന്‍ ചക്കിയെ തേടി വെള്ള കുതിരവണ്ടിയില്‍ വരും. അങ്ങനത്തെ കഥകളാണ് ഞങ്ങള്‍ പറഞ്ഞുകൊടുത്തിട്ടുള്ളത്. അങ്ങനെ ഒരു രാജകുമാരനെ തന്നെ ചക്കിക്ക് ഗുരുവായൂരപ്പന്‍ കൊണ്ട് കൊടുത്തു. ഞങ്ങളുടെ ഒരുപാടുകാലത്തെ സ്വപ്നമാണ്. രണ്ടുമൂന്നു ദിവസമായി പല പ്രശ്‌നങ്ങളാണ്. ചെന്നൈയില്‍ മഴ, പലര്‍ക്കും പല സ്ഥലത്തുനിന്നും എത്തിപ്പെടാന്‍ പറ്റുന്നില്ല, അപ്പോഴൊക്കെ ഗിരീഷ്  എന്റടുത്തു പറയും ഗുരുവായൂരപ്പന്റെ അനുഗ്രഹമുണ്ട് എല്ലാം ഭംഗിയായി നടക്കും. അങ്ങനെ ഇന്ന് ഗുരുവായൂരപ്പന്‍ എല്ലാം ഭംഗിയാക്കി തന്നു. 2024 മെയ് മാസം മൂന്നാം തീയതി ഗുരുവായൂരപ്പന്റെ സന്നിധിയില്‍ വച്ചിട്ട് വിവാഹം നടത്താനുള്ള ശക്തിയും ഭാഗ്യവും ഭഗവാന്‍ തരട്ടെ എന്ന് പ്രാര്‍ഥിക്കുന്നു. നിങ്ങളുടെ എല്ലാവരുടെയും എല്ലാ അനുഗ്രഹവും ഉണ്ടാകണം.''


ഈ അടുത്താണ് സമൂഹമാധ്യമങ്ങളിലൂടെ മാളവികയും തന്റെ പ്രണയത്തെക്കുറിച്ച് വെളിപ്പെടുത്തുന്നത്. പ്രിയപ്പെട്ടവന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് പങ്കുവച്ച പോസ്റ്റിലൂടെയാണ് ആളെ ആരാധകര്‍ക്ക് പരിചയപ്പെടുത്തിയത്. എന്നാല്‍ ആളുടെ പേരോ മറ്റു വിവരങ്ങളോ ഒന്നും കുറിപ്പില്‍ പങ്കുവച്ചിട്ടില്ലായിരുന്നു.


മോഡലിങ് രംഗത്തു നിന്നുമാണ് കാളിദാസ് ജയറാം ഭാവി വധുവിനെ കണ്ടെത്തിയത്. നീലഗിരി സ്വദേശിയാണ് ഇരുപത്തിനാലുകാരിയായ തരിണി. 2021ലെ മിസ് യൂണിവേഴ്സ് ഇന്ത്യ തേര്‍ഡ് റണ്ണര്‍ അപ്പ് കൂടിയായ തരിണി വിഷ്വല്‍ കമ്യൂണിക്കേഷനില്‍ ബിരുദം നേടിയിട്ടുണ്ട്.

Previous Post Next Post