കൊച്ചി: അതീവ സുരക്ഷാ മേഖലയായ കൊച്ചി കപ്പൽശാലയിലെ വിവരങ്ങൾ ചോർത്തിയ കരാർ ജീവനക്കാരൻ അറസ്റ്റിൽ. മലപ്പുറം സ്വദേശി ശ്രീനിഷ് പൂക്കോടനെയാണ് എറണാകുളം സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. ഔദ്യോഗിക രഹസ്യനിയമപ്രകാരം ഇയാൾക്കെതിരെ കേസെടുത്തിരുന്നു. നാവികസേനക്കായി നിർമാണത്തിലിരിക്കുന്ന കപ്പലിന്റെ തന്ത്രപ്രധാന ഭാഗങ്ങളുടെ ഫോട്ടോകൾ അടക്കമാണ് ചോർത്തിയത്. ‘എയ്ഞ്ചൽ പായൽ’ എന്ന സമൂഹമാധ്യമ അക്കൗണ്ടിലേക്കാണ് വിവരങ്ങൾ ചോർത്തി നൽകിയത്.
കഴിഞ്ഞ ദിവസമാണ് കപ്പൽശാല മാനേജർ ഇത് സംബന്ധിച്ച് പരാതി നൽകിയത്. കോൺട്രാക്ട് വ്യവസ്ഥയിൽ ഇലക്ട്രോണിക് മെക്കാനിക്കായി ജോലി ചെയ്തിരുന്ന ആളാണ് ശ്രീനിഷ്. ഈ വർഷം മാർച്ച് മുതൽ ഡിസംബർ വരെ ഇയാൾ വിവരങ്ങൾ ചോർത്തിയെന്നാണ് കണ്ടെത്തൽ. പ്രതിരോധസേനയുടെ കപ്പലുകളുടെ മെയിന്റനൻസ്, പൊസിഷൻ, വി.വി.ഐ.പി സന്ദർശനം തുടങ്ങിയ വിവരങ്ങളും ഇയാൾ ചോർത്തിനൽകിയിട്ടുണ്ട്.
മാസങ്ങൾക്ക് മുമ്പ് ‘എയ്ഞ്ചൽ പായൽ’ എന്ന ഫേസ്ബുക്ക് എക്കൗണ്ടിൽ നിന്ന് തനിക്ക് റിക്വസ്റ്റ് വന്നതാണെന്ന് ശ്രീനിഷ് പൊലീസിനോട് പറഞ്ഞു. തുടർന്ന് ചാറ്റിങ്ങിനിടെ ആവശ്യപ്പെട്ടതനുസരിച്ചാണ് ഫോട്ടോകൾ അയച്ചുനൽകിയതെന്നും ഇയാൾ സമ്മതിച്ചു.
സംസ്ഥാന പൊലീസിന് പുറമെ കേന്ദ്ര ഏജൻസികളും ചോർത്തൽ അന്വേഷിക്കുന്നുണ്ട്. ഫേസ്ബുക്ക് അക്കൗണ്ടിന് വിദേശബന്ധമുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.