കാനത്തിന് വിട നൽകി തലസ്ഥാനം; വിലാപയാത്ര ജന്മനാട്ടിലേക്ക്


തിരുവനന്തപുരം : അന്തരിച്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് തലസ്ഥാനം വിട നൽകി. മൃതദേഹം തലസ്ഥാനത്തെ പൊതുദര്‍ശനത്തിന് ശേഷം ജന്മനാടായ കോട്ടയത്തേക്ക് കൊണ്ടുപോയി. പ്രത്യേകമായി തയ്യാറാക്കിയ കെഎസ്ആര്‍ടിസി ബസിലാണ് മൃതദേഹം ജന്മനാടായ കോട്ടയത്തേക്ക് കൊണ്ടുപോകുന്നത്. മന്ത്രിമാരായ കെ രാജന്‍, ചിഞ്ചുറാണി, ജിആര്‍ അനില്‍, പി പ്രസാദ് എന്നിവരെ കൂടാതെ മുതിര്‍ന്ന നേതാക്കളും ബസില്‍ മൃതദേഹത്തെ അനുഗമിക്കുന്നുണ്ട്. 

സാമൂഹിക, രാഷ്ട്രീയ രംഗത്തെ നിരവധി പ്രമുഖര്‍ ഉള്‍പ്പടെ ആയിരക്കണക്കിന് പേരാണ് പട്ടത്തെ പിഎസ് സ്മാരകത്തില്‍ തങ്ങളുടെ പ്രിയനേതാവ് കാനത്തിന് അന്ത്യാഞ്ജലി അര്‍പ്പിച്ചത്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, കേന്ദ്രമന്ത്രി വി മുരളീധരന്‍, സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗാവിന്ദന്‍, കെകെ ശൈലജ, പികെ ശ്രീമതി, എം വിജയകുമാര്‍, എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍ എന്നിവര്‍ ആദരാഞ്ജലി അര്‍പ്പിച്ചു

സിപിഐ നേതാക്കളായ പ്രകാശ് ബാബു, പന്ന്യന്‍ രവീന്ദ്രന്‍, പി.സന്തോഷ് കുമാര്‍ എംപി, പിപി സുനീര്‍, ബിനോയ് വിശ്വം, കെഇ ഇസ്മയില്‍, കെപി രാജേന്ദ്രന്‍, മന്ത്രിമാരായ കെ രാജന്‍, ജിആര്‍ അനില്‍, ചിഞ്ചുറാണി, പിപ്രസാദ്, ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ എന്നിവര്‍ കാനത്തിന് ആദരാഞ്ജലി അര്‍പ്പിച്ചു. മൃതദേഹത്തില്‍ പാര്‍ട്ടി പതാക പുതപ്പിച്ചു.

മണ്ണന്തല, കൊല്ലം ചടയമംഗലം, അടൂര്‍, ചെങ്ങന്നൂര്‍, ചങ്ങനാശേരി, എന്നിവിടങ്ങളില്‍ നിര്‍ത്തി അന്ത്യാഭിവാദ്യത്തിന് അവസരമൊരുക്കും.

രാത്രി 9 മണിക്ക് സിപിഐയുടെ കോട്ടയം ജില്ലാ കമ്മിറ്റി ഓഫിസില്‍ പൊതുദര്‍ശനശേഷം കാനത്തുള്ള വസതിയില്‍ എത്തിക്കും.

 ഞായറാഴ്ച രാവിലെ 11നാണ് സംസ്‌കാരം. മുഖ്യമന്ത്രി പിണറായി വിജയന്‍ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കും
Previous Post Next Post