കോട്ടയം: വീട്ടുജോലിക്കാരിയായ മധ്യവയസ്കയുടെ വീട്ടിൽ നിന്നും സ്വർണം മോഷ്ടിച്ച കേസിൽ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. എറണാകുളം മരട് ആനക്കാട്ടിൽ വീട്ടിൽ തക്കു എന്ന് വിളിക്കുന്ന ആഷിക് ആന്റണി (31), ഇയാളുടെ ഭാര്യ നേഹാരവി (35), ആലപ്പുഴ അരൂർ ഭാഗത്ത് ഉള്ളാറക്കളം വീട്ടിൽ ( എറണാകുളം പെരുമ്പടപ്പ് ഭാഗത്ത് ഇപ്പോൾ വാടകയ്ക്ക് താമസം) അർജുൻ (22) എന്നിവരെയാണ് കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ ഒക്ടോബർ മാസം 16 ആം തീയതി അയ്മനം സ്വദേശിനിയായ വീട്ടമ്മയുടെ വീട്ടിൽ നിന്നും സ്വർണ്ണമാല മോഷ്ടിച്ചുകൊണ്ട് കടന്നു കളയുകയായിരുന്നു. വീട്ടമ്മ ആഷിക് ആന്റണിയുടെ വീട്ടിൽ വീട്ടുജോലി ചെയ്തു വരികയായിരുന്നു. ജോലി ചെയ്ത വകയിൽ ശമ്പള കുടിശ്ശിക കിടക്കുകയും, നിലവിൽ തരാൻ കയ്യിൽ പണമില്ലാത്തതിനാൽ വീട്ടിലിരിക്കുന്ന ടി.വി എടുത്തിട്ട് ശമ്പള കുടിശ്ശിക കുറച്ച് ബാക്കി എനിക്ക് 8000 രൂപ തന്നാൽ മതി എന്ന് ആഷിക് ആന്റണി പറയുകയും ഇതിന് വീട്ടമ്മ സമ്മതിക്കുകയുമായിരുന്നു. തുടർന്ന് അടുത്ത ദിവസം ടി.വി ഫിറ്റ് ചെയ്യുന്നതിനായി ഇയാളും, ഭാര്യയും, സുഹൃത്തായ അർജുനും വീട്ടമ്മയുടെ വീട്ടിൽ എത്തുകയും, ഇതിനുശേഷം വീട്ടമ്മയുടെ മുറിയിൽ സൂക്ഷിച്ചിരുന്ന രണ്ടു പവൻ തൂക്കം വരുന്ന സ്വർണ്ണമാല മോഷ്ടിച്ചുകൊണ്ട് കടന്നുകളയുകയായിരുന്നു. തുടർന്ന് വീട്ടമ്മ പോലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയെ തുടർന്ന് കോട്ടയം വെസ്റ്റ് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം നടത്തിയ തിരച്ചിലിൽ ഒളിവിൽ കഴിഞ്ഞു വന്നിരുന്ന ആഷിക് ആന്റണിയെയും ഭാര്യയെയും പഴനിയിൽ നിന്നും, അർജുനെ എറണാകുളത്തുനിന്നും പിടികൂടുകയായിരുന്നു. കോട്ടയം വെസ്റ്റ് സ്റ്റേഷൻ എസ്.എച്ച് .ഓ പ്രശാന്ത് കുമാർ കെ.ആർ, എസ്.ഐ മാരായ അജ്മൽ ഹുസൈൻ, ജയകുമാർ, സജികുമാർ, സി.പി.ഓ മാരായ രാജേഷ് കെ.എൻ, ഷൈൻതമ്പി, സലമോൻ, അരുൺകുമാർ എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്.ആഷിക് ആന്റണിക്ക് കളമശ്ശേരി,കോട്ടയം വെസ്റ്റ്, മൂവാറ്റുപുഴ എന്നീ സ്റ്റേഷനുകളിൽ ക്രിമിനൽ കേസ് നിലവിലുണ്ട്. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാണ്ട് ചെയ്തു.