പൊന്‍കുന്നം : ചൊവ്വാഴ്ച മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരളസദസ്സിന്റെ വേദിക്കരികിലേക്ക് മതില്‍ പൊളിച്ച് പുതിയ റോഡ്.
പൊന്‍കുന്നം ഗവ.വിഎച്ച്എസ്എസിന്റെ പന്ത്രണ്ട് അടിയോളം ഉയരമുള്ള മതില്‍ പൊളിച്ചുമാറ്റിയാണ് റോഡ് നിര്‍മാണം. പഴയ സ്‌കൂള്‍ കെട്ടിടം കഴിഞ്ഞയാഴ്ച പൊളിച്ചുമാറ്റി നിര്‍മിച്ച മൈതാനത്താണ് വേദിയൊരുങ്ങുന്നത്. സ്‌കൂളിന്റെ പടിഞ്ഞാറുഭാഗത്ത് പുതിയ കവാടവും കഴിഞ്ഞയാഴ്ച നിര്‍മിച്ചിരുന്നു.
ഇതുവഴി നവകേരള ബസ് കയറാന്‍ പ്രയാസമായതിനാലാണ് പുതിയ വഴി നിര്‍മിക്കുന്നതെന്നാണ് വിശദീകരണം.
എന്നാല്‍ ആയിരക്കണക്കിന് ആള്‍ക്കാരെത്തുന്ന മൈതാനത്തേക്ക് ഒരുവഴി മാത്രമേയുള്ളൂവെന്ന പോരായ്മ പരിഹരിക്കുന്നതിനാണ് മറ്റൊരു റോഡുകൂടിയെന്നും വാദമുണ്ട്.
മുണ്ടക്കയത്തെ പരിപാടി കഴിഞ്ഞാണ് മന്ത്രിമാര്‍ പൊന്‍കുന്നത്ത് എത്തുന്നത്. കവാടം വഴി ബസ് തിരിഞ്ഞുകയറാന്‍ പ്രയാസമാകും. എന്നാല്‍ മതില്‍ പൊളിച്ച് നിര്‍മിക്കുന്ന റോഡിലൂടെ വാഹനങ്ങള്‍ക്ക് കയറാന്‍ എളുപ്പമാകുമെന്നാണ് സംഘാടകർ പറയുന്നത്.
ഏഴടിയോളം ഉയരമുള്ള കല്‍ക്കെട്ടും അതിന് മുകളിലെ മതിലുമാണ് പൊളിച്ചത്. ഉപയോഗിക്കാതെ കിടന്ന പഴയ കെട്ടിടം ടെന്‍ഡര്‍ വിളിച്ച് പൊളിച്ചുമാറ്റിയതിന് ശേഷം ജില്ലാപഞ്ചായത്ത് ഫണ്ടുപയോഗിച്ചാണ് ഗേറ്റ് പൊളിച്ചുമാറ്റി കവാടം നിര്‍മിച്ചത്. ഇപ്പോള്‍ റോഡ് വെട്ടുന്നത് സ്‌കൂള്‍ വളപ്പിന്റെ കിഴക്കുവശത്ത് ദേശീയപാതയില്‍ നിന്നാണ്.