കൂട്ടിലാവാതെ നരഭോജി കടുവ; തിരച്ചിൽ ആറാം ദിവസത്തിലേക്ക്, രണ്ട് കുങ്കി ആനകൾ ഇന്നിറങ്ങും


   
കൽപ്പറ്റ : വയനാട് കൂടല്ലൂരിലെ നരഭോജി കടുവയെ പിടികൂടാനായി ആറാം ദിവസവും തിരച്ചിൽ തുടരുന്നു. കടുവയെ പിടിക്കാനായി മൂന്നു ഇടത്തിലാണ് കൂട് വച്ചിരിക്കുന്നത്. കെണിയുടെ പരിസരത്ത് കൂടി പോയ കടുവ പക്ഷേ, കൂട്ടിൽ കയറിയില്ല.

കടുവയ്ക്കായുള്ള തിരച്ചിൽ ഊർജിതമാക്കിയിരിക്കുകയാണ് വനംവകുപ്പ്. കൂടുതൽ ഉദ്യോഗസ്ഥർ അന്വേഷണത്തിനായി എത്തി. സംഘത്തിനൊപ്പം രണ്ട് കുങ്കിയാനകളുമുണ്ട്. വിക്രം, ഭരത് എന്നീ കുങ്കികളെയാണ് കൂടല്ലൂരിൽ എത്തിച്ചത്. ഇന്ന് കുങ്കികളെ ഉപയോഗിച്ചാവും തെരച്ചില്‍ നടത്തുക. 

ആളെക്കൊല്ലി കടുവയെ തിരിച്ചറിഞ്ഞ സാഹചര്യത്തിൽ സമയവും സന്ദർഭവും സ്ഥലവുമൊത്താൽ മയക്കുവെടി വയ്ക്കുന്നതിലേക്ക് ദൗത്യസംഘം കടക്കും. കടുവയെ മയക്കുവെടിവെക്കുന്നതിനുള്ള ടീമും സജ്ജമാണ്. ഡോ. അരുൺ സക്കറിയ കൂടല്ലൂരിൽ എത്തിയിട്ടുണ്ട്. 

വനംവകുപ്പിന്റെ ഡേറ്റ ബേസില്‍ ഉള്‍പ്പെട്ട 13 വയസ്സ് പ്രായമുള്ള 'ഡബ്ല്യുഡബ്ല്യുഎല്‍ 45' എന്ന ആണ്‍ കടുവയാണ് ആക്രമിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. 'നരഭോജിക്കടുവയാണെന്ന് തിരിച്ചറിഞ്ഞതിനാല്‍ വെടിവച്ച് കൊല്ലാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഉത്തരവിട്ടിട്ടുണ്ട്. കടുവയുടെ അക്രമണത്തില്‍ ശനിയാഴ്ചയാണ് ബത്തേരി വാകേരിയില്‍ കൂടല്ലൂര്‍ മൂടക്കൊല്ലി സ്വദേശി മരോട്ടിതറപ്പില്‍ പ്രജീഷ് കൊല്ലപ്പെട്ടത്. പുല്ലരിയാന്‍ പോയ പ്രജീഷിനെ കാണാതായതോടെ വീട്ടുകാര്‍ അന്വേഷിച്ചപ്പോഴാണ് മൃതദേഹം പാതിതിന്ന നിലയിൽ വയലില്‍ കണ്ടെത്തിയത്.
Previous Post Next Post