പാര്‍ലമെന്റില്‍ സുരക്ഷാ വീഴ്ചയുണ്ടായി; പ്രതിപക്ഷം രാഷ്ട്രീയം കളിക്കുന്നു; പ്രതികരണവുമായി അമിത് ഷാ



ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ സുരക്ഷാ വീഴ്ചയുണ്ടായെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ.

 വിഷയത്തില്‍ പ്രതിപക്ഷം രാഷ്ട്രീയം കളിക്കുകയാണെന്നും അമിത് ഷാ പറഞ്ഞു. ആജ് തക് ചാനലിന് അനുവദിച്ച അഭിമുഖത്തിലായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ പ്രതികരണം. 

സുരക്ഷാ വീഴ്ചയില്‍ ആഭ്യന്തരമന്ത്രാലയം പ്രതികരിക്കണമെന്ന് പാര്‍ലമെന്റില്‍ ആവശ്യമുയരുന്നതിനിടെയാണ് അമിത് ഷായുടെ പ്രതികരണം. 

വീഴ്ചയുണ്ടായെന്നത് നിഷേധിച്ചിട്ട് കാര്യമില്ല. ഇക്കാര്യത്തില്‍ സ്പീക്കര്‍ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. പാര്‍ലമെന്റ് സ്പീക്കറുടെ സുരക്ഷയ്ക്ക് കീഴിലാണെന്ന് എല്ലാവര്‍ക്കും അറിയാം. സ്പീക്കര്‍ ആവശ്യപ്പെട്ടതനുസരിച്ച് ഉന്നതതല അന്വേഷണസംഘം രൂപീകരിച്ചതായും അമിത് ഷാ പറഞ്ഞു.

ഇനി ഇത്തരത്തില്‍ പഴുതുകള്‍ ഉണ്ടാകരുത്. അത്തരം സംഭവങ്ങള്‍ ഇനി ആവര്‍ത്തിക്കാതിരിക്കുകയെന്നതാണ് നമ്മുടെ ഉത്തരവാദിത്വം. ഇതൊരു രാഷ്ട്രീയ പ്രശ്‌നമാക്കരുതെന്നാണ് തന്റെ അഭ്യര്‍ഥന. പാര്‍ലമെന്റിന്റെ സുരക്ഷ വര്‍ധിപ്പിക്കുമെന്നും വിഷയത്തില്‍ പഴുതടച്ചുള്ള അന്വേഷണമുണ്ടാകുമെന്നും മന്ത്രി ഉറപ്പുനല്‍കി.

 അന്വേഷണ ഉദ്യോഗസ്ഥര്‍ ഉടന്‍ തന്നെ അന്വേഷണ റിപ്പോര്‍ട്ട് സ്പീക്കര്‍ക്ക് മുന്‍പാകെ സമര്‍പ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, പാര്‍ലമെന്റിലെ സുരക്ഷാ വീഴ്ചയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രസ്താവന നടത്തണമെന്നാവശ്യപ്പെട്ട് ബഹളം വച്ച 14 എംപിമാരെ ലോക്‌സഭയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. ടിഎന്‍ പ്രതാപന്‍, ഹൈബി ഈഡന്‍, രമ്യാ ഹരിദാസ്, ഡീന്‍ കുര്യാക്കോസ്, ബെന്നി ബഹന്നാന്‍, വികെ ശ്രീകണ്ഠന്‍, ജ്യോതി മണി, മുഹമ്മദ് ജാവേദ്, പിആര്‍ നടരാജന്‍, കനിമൊഴി കരുണാനിധി, കെ സുബ്രഹ്മണ്യം, എസ് ആര്‍ പാര്‍ഥിപന്‍, എസ് വെങ്കിടേശന്‍, മാണിക്യം ടാഗോര്‍ എന്നിവര്‍ക്കാണ് സസ്‌പെന്‍ഷന്‍.

 സമാനമായ രീതിയില്‍ രാജ്യസഭയില്‍ പ്രതിഷേധിച്ച തൃണമൂല്‍ കോണ്‍ഗ്രസ് എംപി ഡെറിക് ഒബ്രിയാനെ രാവിലെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. സസ്പെന്‍ഡ് ചെയ്തവരില്‍ ആറ് പേര്‍ കേരളത്തില്‍ നിന്നുള്ളവരാണ്.
Previous Post Next Post