ദുബായ്: കോപ്28 യുഎൻ കാലാവസ്ഥ ഉച്ചകോടിയിൽ പങ്കെടുക്കാൻ കഴിഞ്ഞ ദിവസം ആണ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎഇയിൽ എത്തിയത്. ദുബായിൽ എത്തിയ മോദിയെ കാണാൻ നിരവധി പ്രവാസികൾ ആണ് താജ് ഹോട്ടലിന് പുറത്ത് കാത്തുനിന്നത്. ഇന്ത്യൻ പ്രവാസികൾ മുദ്രാവാക്യം വിളിയോടെയാണ് മോദിയെ വരവേറ്റത്. 'സാരെ ജഹാൻ സേ അച്ഛാ' എന്ന് തുടങ്ങുന്ന ഗാനം പാടി ചിലർ. എന്നാൽ മറ്റു ചിലർ 'ഭാരത് മാതാ കീ ജയ്', 'വന്ദേമാതരം' എന്നു ഉറക്കെ വിളിച്ചാണ് മോദിയെ വരവേറ്റത്.പ്രധാനമന്ത്രി എക്സ് പ്ലാറ്റ് ഫോമിലെയാണ് ഇതിന്റെ ചിത്രങ്ങൾ പുറത്തുവിട്ടത്. മികച്ച ഒരു ഗ്രഹം സൃഷ്ടിക്കാൻ ലക്ഷ്യമിട്ടാണ് ഉച്ചകോടിയുടെ നടപടികൾ എന്നും അദ്ദേഹം എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു. ഇന്നലെ രാത്രിയാണ് പ്രധാനമന്ത്രി യുഎഇയിലെത്തിയത്. ആഭ്യന്തര മന്ത്രിയും ഉപപ്രധാനമന്ത്രിയുമായ ഷെയ്ഖ് സെയ്ഫ് ബിൻ സായിദ് അൽ നഹ്യാൻ അദ്ദേഹത്തെ വിമാനത്താവളത്തിൽ എത്തി സ്വീകരിച്ചിരുന്നു. ഈ മാസം 12നാണ് കോപ്28 സമാപിക്കുക.കോപ്28 ഉച്ചകോടിയിൽ പങ്കെടുത്ത് മോദി സംസാരിച്ചു. ആഗോള താപനം കുത്തനെ കുറയ്ക്കാൻ എല്ലാ രാജ്യങ്ങളും ശ്രമിക്കണം. അതിന് വേണ്ടി പ്രവർത്തിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തു. ജനസംഖ്യ വളരെ കുറവുള്ള മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യയുടെ ഉദ്വമനം വളരെ കുറവാണ്. ഇന്ത്യയുടെ ജനസംഖ്യ ആഗോള ജനസംഖ്യയുടെ 17 ശതമാണ് ഉള്ളത്. നാഷണൽ ഡിറ്റർമൈൻഡ് കോൺട്രിബ്യൂഷൻ(എൻഡിസി) ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ രാജ്യം അതിവേഗം മുന്നേറുകയാണെന്ന് പ്രധാനമന്ത്രി പ്രസംഗത്തിൽ പറഞ്ഞു.