രാജ്യത്തെ ഏറ്റവും വലിയ സൗരോർജ്ജ വിനോദസഞ്ചാര ബോട്ട് നീറ്റിലിറക്കി


ആലപ്പുഴ : ‘ഇന്ദ്ര’ എന്ന പേരിട്ടിരിക്കുന്ന രാജ്യത്തെ ഏറ്റവും വലിയ സൗരോർജ്ജ വിനോദസഞ്ചാര ബോട്ട് നീറ്റിലിറക്കി

ബോട്ടിന്റെ ഉദ്ഘാടന കർമ്മം ദേശീയ ജലപാത ആലപ്പുഴ ടെർമിനലിൽ മന്ത്രിമാരായ റോഷി അഗസ്റ്റിനും ആന്റണി രാജുവും ചേർന്നാണ് നിർവഹിച്ചത്. മന്ത്രി റോഷി അഗസ്റ്റിൻ ഫ്ലാഗ് ഓഫ് ചെയ്ത യാത്രയിൽ എ എം ആരിഫ് എം പി ക്കും ജലഗതാഗത വകുപ്പ് ഡയറക്ടർ ഷാജി വി നായർക്കും ഒപ്പം മന്ത്രിമാരും സഞ്ചരിച്ചു.

100 പേർക്ക് സഞ്ചരിക്കാവുന്ന എയർ കണ്ടീഷൻ ചെയ്ത ഇരുനില ബോട്ട് പരിസ്ഥിതി സൗഹൃദ ജലഗതാഗതം എന്ന സർക്കാരിന്റെ ലക്ഷ്യത്തിലേക്കുള്ള പുതിയ കാൽവയ്‌പ്പാണ്. മികച്ച സുരക്ഷിതത്വവും സാങ്കേതിക മികവും പുലർത്തുന്ന ബോട്ട് 3.5 കോടി രൂപ ചെലവഴിച്ചാണ് നിർമ്മിച്ചിരിക്കുന്നത്.

25 കിലോ വാട്ട് സോളാർ പാനലുള്ള ബോട്ടിന് 7 നോട്ടിക്കൽ മൈൽ വേഗത്തിൽ സഞ്ചരിക്കാൻ ആകും. 40 കെ ഡബ്ലിയു എച്ചിന്റെ രണ്ട് മറൈൻ ഗ്രേഡ് എൽ എഫ് ബി ബാറ്ററിയും 20 കിലോ വാട്ടിന്റെ ഇരട്ട വൈദ്യുതി മോട്ടോറും ബോട്ടിനുണ്ട്. വളരെ കുറഞ്ഞ ചെലവിൽ സാധാരണക്കാർക്കും വിനോദയാത്ര ഉറപ്പാക്കുന്ന ബോട്ടിന് 26 മീറ്റർ നീളവും ഏഴു മീറ്റർ വീതിയും ആണ് ഉള്ളത്.

പ്രതിദിനം 1500 രൂപയുടെ ഇന്ധനം ചെലവാകുന്ന ബോട്ടിൽ വെറും 500 രൂപയാണ് യാത്ര ചെലവ് ആയി ഈടാക്കുന്നത്. ഇതിനുമുമ്പ് ജലഗതാഗത വകുപ്പ് നീറ്റിലിറക്കിയ സീ കുട്ടനാട്, സീ അഷ്ടമുടി ഇനി വിനോദസഞ്ചാര ബോട്ടുകളിൽ നിന്ന് മികച്ച വരുമാനം ലഭിച്ചതാണ് ഇന്ദ്രയുടെ നിർമാണത്തിന് പ്രേരണയായത്.
Previous Post Next Post