കൊല്ലം: നവകേരള സദസ്സിനെ കൊല്ലത്തും പ്രതിഷോധവുമായി പ്രതിപക്ഷ സംഘടനകള്‍. യൂത്ത് കോൺഗ്രസ് , കെ എസ് യു , മഹിളാ കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിക്കും സംഘത്തിനും നേർക്കും കരിങ്കൊടി ഉയർത്തി. ചിന്നക്കടയിൽ നവകേരള ബസിന് നേരെ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരും ഡി വൈ എഫ് ഐ പ്രവർത്തകരും തെരുവിൽ ഏറ്റുമുട്ടി.
വടി ഉപയോഗിച്ചായിരുന്നു ഏറ്റുമുട്ടല്‍. ഡി വൈ എഫ് ഐ പ്രവർത്തകർക്ക് നേരെ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ പെപ്പർ സ്പ്രേയും പ്രയോഗിച്ചു. പിന്നാലെ 'കൊടുത്താൽ കൊല്ലത്തും കിട്ടും' എന്ന ഫെയ്സ്ബുക് പോസ്റ്റുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലും രംഗത്ത് വന്നു. #ജീവൻരക്ഷാസേന എന്ന ഹാഷ്ടാഗും രാഹുല്‍ പങ്കുവെച്ചിട്ടുണ്ട്.
സംഘർഷത്തിൽ നിരവധി പേർക്കു പരുക്കേറ്റിട്ടുണ്ട്. പൊലീസ് നോക്കി നില്‍ക്കെയായിരുന്നു ഡി വൈ എഫ് ഐ - യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരുടെ ഏറ്റുമുട്ടല്‍. പൊലീസ് ഏറെ പണിപ്പെട്ടാണ് പ്രവർത്തകരെ പിന്തിരിപ്പിച്ചത്. പ്രവർത്തകർ ഏറ്റുമുട്ടുന്നതിന്റെ വീഡിയോയും സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
ആന്ദബല്ലീശ്വരം ക്ഷേത്രത്തിന് സമീപത്ത് വെച്ചായിരുന്നു മഹിള കോണ്‍ഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം. കറുത്ത വസ്ത്രം അണിഞ്ഞെത്തിയ പ്രവർത്തകർ മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിന് നേർക്ക് കരിങ്കൊടി കാണിച്ചു. കരുനാഗപ്പള്ളിയിൽ കരിങ്കൊടിയും കറുത്ത ബലൂണും കരിങ്കൊടിയും ഉയർത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ചവറയിലും പ്രതിഷേധിച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. കരുനാഗപ്പളളിയിലും ശക്തികുളങ്ങരയിലും നിരവധി പേരെ കരുതൽ കസ്റ്റഡിയിലെടുത്തു.