വാളയാറിൽ തടഞ്ഞു, തമിഴ്നാട്ടിൽ പരിശോധിച്ചില്ല; സർവീസ് പൂർത്തിയാക്കി കോയമ്പത്തൂരെത്തി റോബിൻ ബസ്


പാലക്കാട്: ഒരു മാസത്തെ ഇടവേളയ്ക്ക് ശേഷം ഇന്ന് സർവീസ് തുടങ്ങിയ റോബിൻ ബസ് കോയമ്പത്തൂരിലെത്തി. വാളയാർ ചെക്ക് പോസ്റ്റിൽ കേരള മോട്ടോർ വാഹന വകുപ്പിന്റെ പരിശോധനയ്ക്കു ശേഷമാണ് റോബിനെ അതിർത്തി കടത്തിവിട്ടത്. എന്നാൽ തമിഴ്നാട്ടിൽ ബസ്സിന് പരിശോധനയുണ്ടായില്ല. പത്തനംതിട്ട കോയമ്പത്തൂർ റൂട്ടിലാണ് ബസ് സർവീസ് തുടങ്ങിയത്. കോടതി നിർദേശപ്രകാരം മോട്ടോർ വാഹന വകുപ്പ് ബസ് കഴിഞ്ഞ ദിവസം വിട്ട് നൽകിയിരുന്നു. ഇന്ന് സർവീസ് തുടങ്ങി ഒരു കിലോമീറ്റർ പിന്നിട്ടപ്പോൾ തന്നെ മൈലപ്രയിൽ വെച്ച് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ബസ് തടഞ്ഞ് പരിശോധിച്ചു. പരിശോധനയ്ക്ക് ശേഷം സർവീസ് തുടരാൻ അനുവദിക്കുകയായിരുന്നു.

പെര്‍മിറ്റ് ലംഘനത്തിന്‍റെ പേരില്‍ മോട്ടോര്‍ വാഹന വകുപ്പുമായി നിയമയുദ്ധത്തിലായിരുന്ന റോബിന്‍ ബസിനെ കഴിഞ്ഞ മാസം 24 -ന് പുലർച്ചെയാണ് പിടിച്ചെടുത്തത്. ബസ് വിട്ടുകൊടുക്കാൻ ശനിയാഴ്ച പത്തനംതിട്ട ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടിരുന്നു. തുടർന്ന് ഉടമ പൊലീസിനെ സമീപിച്ചെങ്കിലും മോട്ടോർ വാഹന വകുപ്പ് ബസ് വിട്ടുകൊടുത്തിരുന്നില്ല. കോടതി നിർദേശം പരിഗണിച്ച ശേഷം ഞായറാഴ്ചയാണ് ബസ് കൊടുത്തത്. നിയമലംഘനം കണ്ടാൽ കർശന നടപടി ഉണ്ടാകുമെന്ന് എംവിഡി ഉദ്യോഗസ്ഥർ വ്യക്തമാക്കിയിട്ടുണ്ട്. കോൺട്രാക്ട് ക്യാരേജ് പെർമിറ്റ് ഉള്ള ബസ്, സ്റ്റേജ് ക്യാരേജ് ആയി ഓടുന്നത് നിയമവിരുദ്ധമെന്നാണ് മോട്ടോർ വാഹന വകുപ്പിന്റെ നിലപാട്. അതേസമയം ഈ നിലപാട് ചോദ്യം ചെയ്ത് ബസ് ഉടമ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഈ ഹർജിയിൽ അടുത്ത മാസം അന്തിമ വിധി പറയും.

അതിനിടെ, എംവിഡി പിടിച്ചിട്ട ബസിൽ നിന്ന് പല വിലപിടിപ്പുള്ള സാധനങ്ങളും നഷ്ടമായിട്ടുണ്ടെന്ന് ബസ് ഉടമ ആരോപിച്ചിരുന്നു. സ്വര്‍ണവും പണവുമാണ് നഷ്ടമായത്. അത് ബസിന്റെ സെക്കന്റ് ഡ്രൈവറുടേതായിരുന്നു. അതൊന്നും പരിശോധിക്കാൻ ഉദ്യോഗസ്ഥര്‍ സമ്മതിക്കുന്നില്ല. ഇതുമായി ബന്ധപ്പെട്ട് അടുത്ത കേസുമായി മുന്നോട്ട് പോകണം. അത്യാവശ്യ സാധനങ്ങൾ എടുക്കാൻ ഉദ്യോഗസ്ഥര്‍ അനുവദിച്ചില്ല. മറ്റ് ബാഗുകളൊക്കെ അവിടെയുണ്ട്. വിലപിടിപ്പുള്ളവയാണ് നഷ്ടമായതെന്നും റോബിൻ ഗിരീഷ് പറയുന്നു
Previous Post Next Post