സോഫ നിർമാണശാലയുടെ ഗോഡൗണിന് തീപിടിച്ച് മലയാളി യുവാവ് മരിച്ചു. റിയാദ് നഗരത്തിന്റെ തെക്കുപടിഞ്ഞാറൻ ഭാഗമായ ഷിഫയിൽ ഇന്നലെ രാവിലെയുണ്ടായ തീപിടുത്തത്തിൽ മലപ്പുറം നിലമ്പൂർ വഴിക്കടവ് സ്വദേശി തോട്ടുംകടവത്ത് അബ്ദുൽ ജിഷാർ (39) ആണ് മരിച്ചത്. രാവിലെ ഏഴോടെ തൊട്ടടുത്ത ഗോഡൗണിൽ തീപിടിത്തമുണ്ടാവുകയും അത് അബ്‌ദുൾ ജിഷാർ പണിയെടുത്തിരുന്ന സോഫാസെറ്റ് നിർമാണ ഗോഡൗണിലേക്ക് പടർന്നുപിടിക്കുകയുമായിരുന്നു.
തീ പടര്‍ന്ന സമയത്ത് അവിടെ കൂടുതൽ ജീവനക്കാരുണ്ടായിരുന്നെങ്കിലും പുറത്തേക്ക് ഓടി രക്ഷപ്പെട്ടു. രക്ഷപ്പെടാൻ സഹപ്രവർത്തകർ വിളിച്ചുപറഞ്ഞെങ്കിലും അകലെ മാറിനിന്ന് ഭാര്യയുമായി ഫോണിൽ സംസാരിക്കുകയായിരുന്ന ജിഷാറിന് കേൾക്കാൻ കഴിഞ്ഞില്ല. അപ്പോഴേക്കും അഗ്നി, ഗോഡൗണിൽ പടർന്ന് പിടിച്ചിരുന്നു. സംഭവമുണ്ടായ ഉടൻ സിവിൽ ഡിഫൻസിന്റെ നേതൃത്വത്തിൽ അഗ്നിശമന സേനയും പൊലീസുമെത്തി തീകെടുത്തി. ഉച്ചയോടെയാണ് ജിഷാറിന്റെ മൃതദേഹം പുറത്തെടുത്തത്. മൃതദേഹം പിന്നീട് ശുമൈസി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ദീർഘകാലമായി ഇവിടെ ജോലി ചെയ്യുന്ന അബ്ദുൽ ജിഷാർ ഒരാഴ്ച മുമ്പാണ് നാട്ടിൽനിന്ന് അവധി കഴിഞ്ഞെത്തിയത്.