ഖത്തറിൽ തടവിലായ മുൻ ഇന്ത്യൻ നാവികസേന ഉദ്യോഗസ്ഥരുടെ വധശിക്ഷ റദ്ദാക്കി




 ന്യൂഡൽഹി : ഖത്തറിൽ തടവിലായ മുൻ ഇന്ത്യൻ നാവിക സേന ഉദ്യോഗസ്ഥരുടെ വധശിക്ഷ റദ്ദാക്കി. വധശിക്ഷ സ്റ്റേ ചെയ്തതായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

 ഖത്തറിലെ ഉന്നത കോടതിയാണ് നിർണായക വിധി പുറപ്പെടുവിച്ചത്. വധശിക്ഷ ഇളവ് ചെയ്തിട്ടുണ്ടെന്ന വിവരമാണ് പുറത്തുവന്നത്.

വിധിയുടെ പൂർണവിവരങ്ങൾക്ക് വേണ്ടി കാത്തിരിക്കുകയാണെന്നും ഖത്തറിലെ നിയമകാര്യ വിദഗ്ദ്ധരുമായി സംസാരിക്കുന്നുണ്ടെന്നും വിദേശ കാര്യമന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കി. അടുത്ത നടപടികൾ സ്വീകരിക്കാൻ ചർച്ചകൾ നടക്കുന്നുണ്ട്.

 ഖത്തറിലെ ഇന്ത്യൻ അംബാസിഡറും മറ്റ് വിദേശകാര്യ ഉദ്യോഗസ്ഥരും ഇന്ന് അപ്പീൽ കോടതിയിൽ ഹാജരായിരുന്നു. നിയമപരവും നയതന്ത്രപരവുമായ എല്ലാ പരിരക്ഷകളും നൽകുമെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.

2022 ഒക്ടോബർ മുതലാണ് മുൻ നാവികസേന ഉദ്യോഗസ്ഥർ ഖത്തറിൽ തടവിലായത്. ഖത്തറിന്റെ സബ്‌മറൈൻ പ്രോഗ്രാം ചോർത്തിക്കൊടുത്തു എന്ന ആരോപണമാണ് ഇവർക്ക് മുകളിൽ ആരോപിക്കപ്പെട്ടത്.

 എന്നാൽ ഇവരുടെ വിചാരണ വിവരമോ ചെയ്ത കുറ്റത്തിന്റെ കൂടുതൽ വിവരങ്ങളോ പുറത്തുവിട്ടിരുന്നില്ല. പ്രധാനമന്ത്രി നരേന്ദ്രമോദിയും ഖത്തർ എമിർ ഷെയ്ഖ് തമിം ബിൻ ഹമദും ഈയടുത്ത് കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം കൂടുതൽ ശക്തമാകുന്നത് സംബന്ധിച്ചായിരുന്നു ചർച്ചയെന്നും വിദേശകാര്യമന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി വ്യക്തമാക്കി.
Previous Post Next Post