തെലങ്കാനയിലെ കോൺഗ്രസ് വിജയം ഉമ്മൻ ചാണ്ടി സാറിനും അവകാശപ്പെട്ടത്: ടി സിദ്ദിഖ്

 


കോഴിക്കോട്: നാല് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിക്കുന്നതിനിടെ തെലങ്കാനയിലെ കോൺഗ്രസ് നേട്ടത്തിൽ പ്രതികരിച്ച് കെപിസിസി വർക്കിങ് പ്രസിഡന്‍റ് ടി സിദ്ദിഖ് എംഎൽഎ. തെലങ്കാനയിലെ കോൺഗ്രസ് വിജയം ഉമ്മൻ ചാണ്ടി സാറിന് കൂടി അവകാശപ്പെട്ടതാണെന്ന് അദ്ദേഹം പറഞ്ഞു.തെലങ്കാനയിൽ തകർന്ന കോൺഗ്രസിനെ തിരികെ കൊണ്ടുവരാൻ പാർട്ടി നിയോഗിച്ചത് ഉമ്മൻ ചാണ്ടിയെയാണെന്ന് പറഞ്ഞുകൊണ്ടാണ് സിദ്ദിഖിന്‍റെ പ്രതികരണം. കൊടും ചതിയിലൂടെ സോണിയാജിയെയും കോൺഗ്രസിനെയും വഞ്ചിച്ച് കെ ചന്ദ്രശേഖര റാവു തെലങ്കാന കയ്യിലാക്കിയപ്പോൾ കോൺഗ്രസിന് കടുത്ത നിരാശയുണ്ടായിരുന്നു. ആന്ധ്ര വിഭജിക്കുമ്പോൾ കെസിആർ പറഞ്ഞത് രാഷ്ട്രീയ പാർട്ടി ഉണ്ടാക്കി രാഷ്ട്രീയ മുതലെടുപ്പ് നടത്തില്ല എന്നായിരുന്നു. എന്നാൽ കൊടും ചതിയിലൂടെ കെസി ആർ അധികാര രാഷ്ട്രീയത്തിലെത്തി.

കോൺഗ്രസിന്‍റെ ആത്മാഭിമാനത്തിനേറ്റ തിരിച്ചടി. അവിടെ കോൺഗ്രസ് ഹൈക്കമാൻഡ് ഉമ്മൻ ചാണ്ടി എന്ന ജനകീയ നേതാവിനെ തെലങ്കാന ഏൽപ്പിച്ചു. പാർട്ടിയെ തെലങ്കാനയിൽ തിരിച്ച് കൊണ്ടു വരിക എന്നതായിരുന്നു ലക്ഷ്യം. അത്ര എളുപ്പമായിരുന്നില്ല തെലങ്കാനയിൽ കോൺഗ്രസിനെ തിരിച്ച് കൊണ്ട് വരിക എന്നത്. രേവന്ത് റെഡ്ഡിയിലൂടെ കോൺഗ്രസ് തെലങ്കാനയിൽ ശക്തമായി തിരിച്ച് വന്നപ്പോൾ നാം ഉമ്മൻ ചാണ്ടി സാറിനെ മറക്കരുത്. അദ്ദേഹം പാർട്ടിയെ ഒന്നുമില്ലായ്മയിൽ നിന്ന് റീ ബിൽഡ് ചെയ്യുകയായിരുന്നു. പെട്ടെന്ന് കൊണ്ട് വന്ന മായാജാലമല്ല കോൺഗ്രസിന്‍റെ തെലങ്കാന വിജയം.മറ്റ് സംസ്ഥാനങ്ങളിൽ കോൺഗ്രസിന് പ്രതീക്ഷിച്ച വിജയം നേടാൻ കഴിയാത്തതിൽ കടുത്ത നിരാശയുള്ളപ്പോഴും തെലങ്കാന ആശ്വാസം നൽകുകയാണെന്നും ടി സിദ്ദിഖ് ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.നാല് സംസ്ഥാനങ്ങളിലെ ജനവിധി പുറത്തുവരുമ്പോൾ തെലങ്കാനയിൽ മാത്രമാണ് കോൺഗ്രസിന് മുന്നേറ്റമുണ്ടാക്കാൻ കഴിഞ്ഞത്. അധികാരത്തിലിരുന്ന രാജസ്ഥാനും ഛത്തീസ്ഗഡും പാർട്ടിയ്ക്ക് നഷ്ടപ്പെട്ടു. ഇരുസംസ്ഥാനങ്ങളിലും ബിജെപിയാണ് ലീഡ് ചെയ്യുന്നത്. ഇതിനുപുറമെ മധ്യപ്രദേശും ബിജെപി നിലനിർത്തി.
Previous Post Next Post