ടെൽ അവീവ്: ബന്ദികളിൽ 40 പേരുടെ മോചനം കൂടി സാദ്ധ്യമായാൽ ഒരാഴ്ച കൂടി വെടിനിർത്തൽ എന്ന അപേക്ഷ അംഗീകരിക്കാമെന്ന് ഹമാസിനോട് ഇസ്രയേൽ. സ്ത്രീകളും മുതിർന്നവരും അടിയന്തിര പരിഗണന ആവശ്യമുള്ളവരും ഉൾപ്പെടെയുള്ള ബന്ദികളുടെ മോചനമാണ് ഇസ്രയേൽ ആവശ്യപ്പെടുന്നത്.
ബന്ദികളുടെ മോചനത്തിന് പകരമായി താത്കാലിക വെടിനിർത്തലിന് സന്നദ്ധമാണെന്ന് അമേരിക്കയിലെ ഇസ്രയേൽ സ്ഥാനപതി മൈക്കെൽ ഹെർസോഗ് ആണ് അറിയിച്ചത്. എന്നാൽ ഹമാസിന്റെ പ്രതികരണത്തിന് അനുസൃതമായിരിക്കും അന്തിമ തീരുമാനമെന്നും ഹെർസോഗ് വ്യക്തമാക്കി.
സ്ഥിരമായ വെടിനിർത്തൽ എന്നതാണ് ഹമാസിന്റെ നിലവിലെ ആവശ്യം. അക്കാര്യം തത്കാലം അംഗീകരിക്കാൻ സാദ്ധ്യമല്ല. സ്ഥായിയായ ഒരു ലക്ഷ്യം മുൻനിർത്തിയാണ് ഈ യുദ്ധം ആരംഭിച്ചത്. അത് സാക്ഷാത്കരിക്കാതെ തത്കാലം പിന്മാറാൻ നിർവാഹമില്ലെന്നും ഇസ്രയേൽ വ്യക്തമാക്കി.
വെടിനിർത്തൽ പ്രഖ്യാപിച്ചാൽ മാത്രമേ ബന്ദികളെ മോചിപ്പിക്കൂ എന്നാണ് ഹമാസ് പറയുന്നത്. ഇക്കാര്യം പരിഗണിക്കാനാവില്ലെന്നും ഇസ്രയേൽ അറിയിച്ചു.
ഒക്ടോബർ 7ലെ ഹമാസ് നുഴഞ്ഞുകയറ്റത്തോടെ ആരംഭിച്ച യുദ്ധത്തിൽ ഇതുവരെ 20,000 പേർ കൊല്ലപ്പെട്ടതായും അൻപതിനായിരത്തോളം പേർക്ക് പരിക്കേറ്റതായുമാണ് പലസ്തീൻ ആരോഗ്യ മന്ത്രാലയം ആരോപിക്കുന്നത്. 1.9 ദശലക്ഷം പേർ, അതായത് ഉത്തര ഗാസയുടെ ആകെ ജനസംഖ്യയിൽ 80 ശതമാനത്തോളം പേരും അഭയാർത്ഥികളായി മാറിയെന്ന് യുഎൻ റിപ്പോർട്ടിൽ പറയുന്നു.